ന്യൂഡൽഹി: വീരമൃത്യുവരിച്ച അഗ്നിവീറുകളുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകിയെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പ്രസ്താവന കള്ളമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ പറഞ്ഞ നുണയുടെ യാഥാർഥ്യം വീരമൃത്യു വരിച്ച അഗ്നിവീർ അജയ് സിങ്ങിന്‍റെ പിതാവ് തന്നെ പറഞ്ഞിട്ടുണ്ടെന്നും രാഹുൽ വിഡിയോ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തോടും പാർലമെന്‍റിനോടും സൈന്യത്തോടും രക്തസാക്ഷി അഗ്നിവീർ അജയ് സിങ്ങിന്‍റെ കുടുംബത്തോടും അഗ്നിവീറുകളോടും യുവാക്കളോടും കളവ് പറഞ്ഞ പ്രതിരോധ മന്ത്രി മാപ്പ് പറയണം. സത്യത്തിന്‍റെ സംരക്ഷണമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനമെന്നും രാഹുൽ വ്യക്തമാക്കി. അഗ്നിവീർ അജയ് സിങ്ങിന്‍റെ പിതാവ് പ്രതികരിക്കുന്നതിന്‍റെ വിഡിയോയും രാഹുൽ പുറത്തുവിട്ടു.
സൈനികരെ രണ്ട് തട്ടുകളിലാക്കുന്ന അഗ്നിവീർ അഞ്ചു വർഷം കഴിഞ്ഞ് വലിച്ചെറിയുന്ന ‘യൂസ് ആൻഡ് ത്രോ’ പദ്ധതി ആണെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചിരുന്നു. കേവലം ആറുമാസം പരിശീലനം നൽകിയാണ് അഞ്ചുവർഷം പരിശീലനം നേടിയ ചൈനീസ് ഭടന്മാരുടെ മുന്നിലേക്ക് അവരെ അയക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീരചരമം പ്രാപിക്കുന്നവരെ രക്തസാക്ഷികളെന്ന് വിളിക്കുന്നില്ല. രക്തസാക്ഷിയായ അഗ്നിവീറിന് നഷ്ടപരിഹാരം നൽകിയില്ലെന്നും രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പ്രതിരോധിച്ച മന്ത്രി രാജ്നാഥ് സിങ് രാഹുൽ പറഞ്ഞത് കളവാണെന്നും രക്തസാക്ഷി എന്ന് വിളിച്ചിട്ടുണ്ടെന്നും ഒരു കോടി നഷ്ടപരിഹാരം നൽകിയെന്നും സഭയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.