ഡിജിറ്റൽ ബാങ്കിംഗ് സംവിധാനങ്ങൾ പരിചിതമായതോടെ കൈയ്യിൽ പൈസയില്ലല്ലോ, ഉള്ളതെല്ലാം ഫോണിലാണ് എന്നായിരിക്കും ആരെങ്കിലും പൈസ ചോദിച്ചാൽ നമ്മുടെ സ്ഥിരം മറുപടി. എന്നാൽ അതിനൊരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ബിഹാറിലെ യാചകൻ. ബെട്ടിയ റെയിൽവേ സ്റ്റേഷനിലെ ഭിക്ഷക്കാരനായ രാജു കഴുത്തിൽ ക്യൂ.ആർ കോഡ് തൂക്കിയ പ്ലക്കാർഡുമായാണ് നടത്തം.
മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ അനുനായിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാജു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണ്. മോദിയുടെ ഡിജിറ്റൽ ഇന്ത്യ കാമ്പയിനിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഡിജിറ്റൽ യാചകനായി മാറിയതെന്ന് രാജു പറയുന്നു. മോദിയുടെ മൻ കി ബാത്ത് റോഡിയോ പരിപാടിയുടെ സ്ഥിരം കേൾവിക്കാരൻ കൂടിയാണ് രാജു പട്ടേൽ.
ചെറുപ്പം മുതലേ ബെട്ടിയ റെയിൽവേ സ്റ്റേഷനിലെ യാചകനാണ്. ഇപ്പോഴും ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും കാലം മാറിയതോടെ ഭിക്ഷാടനത്തിന്റെ രീതികൾ മാറ്റം വരുത്തിയത് മാത്രമാണ് വ്യത്യാസമെന്നും രാജു പറഞ്ഞു. ഭിക്ഷാടനം കഴിഞ്ഞാൽ സ്റ്റേഷനിൽ തന്നയാണ് ഉറക്കവും. ജീവിക്കാൻ മറ്റ് വഴികളൊന്നും കേമമെന്ന് തോന്നിയില്ല. പലരോടും ഭിക്ഷ ചോദിക്കുമ്പോൾ ചില്ലറയില്ലെന്നും പൈസ കയ്യിൽ സൂക്ഷിക്കാറില്ലെന്നുമൊക്കെ മറുപടികൾ കേട്ടതോടെയാണ് സ്വന്തമായി ബാങ്ക് അക്കൗണ്ടും ഇ-വാലറ്റ് അക്കൗണ്ടും എടുത്തതെന്ന് രാജു പറഞ്ഞു.
പുതിയ ഭിക്ഷാടന രീതി കൊണ്ടുവന്നിട്ടും ഇപ്പോഴും മിക്ക ആളുകളും നേരിട്ട് പണം ഏൽപ്പിക്കുകയാണ് പതിവ്. ചിലർ മാത്രമാണ് ക്യൂ.ആർ കോഡ് വഴി പണം അയക്കുന്നത്. ബാങ്ക് അക്കൗണ്ട് നിർമ്മിക്കാൻ ആധാർ കാർഡും പാൻ കാർഡും വേണമെന്ന് പറഞ്ഞതോടെ പാൻ കാർഡും രാജു എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.