മുംബൈ: ജൂൺ 10നു നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന പോരിന് കളമൊരുങ്ങുന്നു. മഹാരാഷ്ട്രയിൽ ആറ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രണ്ടു പേരെ തെരഞ്ഞെടുക്കാൻ അംഗബലമുള്ള ബി.ജെ.പി മൂന്നുപേരെയും ഒരാളെ തെരഞ്ഞെടുക്കാൻ ശേഷിയുള്ള ശിവസേന രണ്ടുപേരെയും മത്സരിപ്പിക്കുന്നതോടെയാണ് പോരിന് വഴിയൊരുങ്ങുന്നത്. സഖ്യകക്ഷികളായ ശിവസേന, എൻ.സി.പി, കോൺഗ്രസ് പാർട്ടികൾക്ക് ഒരോരുത്തരെ തെരഞ്ഞെടുക്കാൻ ശേഷിയുണ്ട്. ഒപ്പം മൂവരും ചേർന്നാൽ മറ്റൊരാളെ കൂടി തെരഞ്ഞെടുക്കാം.
ഇതു കണക്കിലെടുത്ത് സഞ്ജയ് റാവുത്തിന് പുറമെ, സഞ്ജയ് പവാറിനെ കൂടി ശിവസേന രംഗത്തിറക്കി. എന്നാൽ, രണ്ടു പേരെ ജയിപ്പിക്കാൻ കഴിയുന്ന ബി.ജെ.പി കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനും മുതിർന്ന നേതാവ് അനിൽ ബോണ്ടെക്കും പുറമെ, ധനഞ്ജയ് മഹാദിക്കിനെയും മത്സരിപ്പിക്കുന്നു. പ്രഫുൽ പട്ടേലാണ് എൻ.സി.പി സ്ഥാനാർഥി. ഉത്തർപ്രദേശ് പാർട്ടി ന്യൂനപക്ഷ സെൽ നേതാവും ഉർദു കവിയുമായ മുഹമദ് ഇംറാൻ പ്രതാപ്ഗരിയാണ് കോൺഗ്രസ് സ്ഥാനാർഥി. ഭരണപക്ഷ എം.എൽ.എമാരെയും ചെറുകക്ഷികളെയും ലക്ഷ്യമിട്ട് കുതിരക്കച്ചവടത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ശിവസേനയുടെ സഞ്ജയ് റാവുത്ത് ആരോപിച്ചു. കുതിരക്കച്ചവടമില്ലെന്നും ബി.ജെ.പിയുടെ മൂന്നു സ്ഥാനാർഥികളും ജയിക്കുമെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.