ന്യൂഡൽഹി: രാജ്യത്ത് ഏകസിവിൽ കോഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്ലിന് പ്രതിപക്ഷ എതിർപ്പ് വക വെക്കാതെ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു വീണ്ടും അവതരണാനുമതി നൽകി. പ്രതിഷേധത്തിനിടയിലും പിൻവലിക്കാതെ ഇത് നാലാം തവണയാണ് അവതരണാനുമതി നൽകി ഏക സിവിൽ കോഡ് ബിൽ നായിഡു സഭാ അജണ്ടയിൽ ഉൾപ്പെടുത്തുന്നത്. ബിൽ വെള്ളിയാഴ്ച രാജ്യസഭയുടെ സ്വകാര്യ ബില്ലുകളിൽ ഒന്നാമതായി ഉൾപ്പെടുത്തി അവതരിപ്പിക്കാൻ ഉപാധ്യക്ഷൻ വിളിച്ചുവെങ്കിലും ബി.ജെ.പി അംഗം ഹാജരാകാതിരുന്നത് മൂലം അവതരണം നടന്നില്ല. സ്പീക്കർ ഓം ബിർള അനുമതി നൽകിയതിനെ തുടർന്ന് നേരത്തെ ലോക്സഭയിൽ അവതരിപ്പിച്ച ഏക സിവിൽകോഡിനുള്ള മറ്റൊരു സ്വകാര്യ ബിൽ വെള്ളിയാഴ്ച ചർച്ച ചെയ്യാനുള്ള അജണ്ടയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിക്ക് ശേഷം സഭ ചേർന്നപ്പോൾ സ്വകാര്യബിൽ അവതരണത്തിലേക്ക് കടന്ന ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ ബി.ജെ.പി എം.പി ഡോ. കിറോഡി ലാൽ മീണയെ 'ഏക സിവിൽ കോഡ് ഇന്ത്യയിൽ - 2020' ബിൽ അവതരണത്തിനായി വിളിച്ചു.
ബി.ജെ.പി ബെഞ്ചിലേക്ക് നോക്കി രണ്ട് തവണ മീണയെ വിളിച്ച ഉപാധ്യക്ഷൻ അദ്ദേഹം ഹാജരില്ലെന്ന് കണ്ട് അടുത്ത സ്വകാര്യബില്ലിലേക്ക് കടന്നു. രാജ്യത്തിന് ഒരു ഏക സിവിൽകോഡ് ഉണ്ടാക്കാനും നടപ്പാക്കാനും ദേശീയ തലത്തിൽ പരിശോധനയും അന്വേഷണവും നടത്തണം എന്ന് ആവശ്യപ്പെടുന്ന ബില്ലിനാണ് ബി.ജെ.പി എം.പി കിറോഡി ലാൽ മീണ അവതരണാനുമതി തേടിയത്. സഭാ ചട്ടം 67 പ്രകാരം അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സി.പി.എം എം.പിമാരായ എളമരം കരീം, വി. ശിവദാസൻ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവർ നൽകിയ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസ് തള്ളിക്കളഞ്ഞ് നായിഡു അജണ്ടയിൽ അതുൾപ്പെടുത്തുകയായിരുന്നു.
ലോക്സഭയിൽ ബി.ജെ.പി എം.പി സുശീൽ കുമാർ സിങ്ങ് പ്രതിപക്ഷ എതിർപ്പിനിടെ നേരത്തെ അവതരിപ്പിച്ച 'ഏക സിവിൽകോഡ് ബിൽ 2021' സ്പീക്കർ ബിർള ചർച്ച ചെയ്യാനുള്ള സ്വകാര്യ ബില്ലുകളുടെ പട്ടികയിൽ വെള്ളിയാഴ്ച ഉൾപ്പെടുത്തിയതിനെതിരെ മുസ്ലിം ലീഗ് എം.പിമാർ രംഗത്തുവന്നു. ഇ.ടി. മുഹമ്മദ് ബഷീർ, ഡോ.എം. പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ വിവാദ ബിൽ ചർച്ച ചെയ്യാൻ എടുക്കരുതെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് നോട്ടീസ് നൽകി. രാജ്യസഭയും ലോക്സഭയും സ്വകാര്യ ബില്ലുകൾ ഒരിക്കലും പാസാക്കാറില്ലെങ്കിലും വിശദമായ ചർച്ചയും സർക്കാറിന്റെ മറുപടിയും ലഭിക്കുമെന്നതിനാൽ അതിലുടെ തങ്ങളുടെ അജണ്ടക്ക് അനുസൃതമായ അന്തരീക്ഷം പാകപ്പെടുത്തുകയാണ് ബി.ജെ.പിയും ആർ.എസ്.എസും ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.