ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ കാലാവധി പൂർത്തിയാക്കിയ ഒഴിവിൽ പുതിയ രാജ്യസഭ ഉപാധ്യക്ഷനെ ഇൗ മാസം ഒമ്പതിന് തെരഞ്ഞെടുക്കും. പാർലമെൻറിെൻറ വർഷകാല സമ്മേളനം അവസാനിക്കുന്നതിനു തലേന്നാണ് തെരഞ്ഞെടുപ്പ്. രാജ്യസഭയിൽ സർക്കാറിന് ഭൂരിപക്ഷമില്ലെന്നിരിക്കേ, സംയുക്ത സ്ഥാനാർഥിയെ നിർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. തൃണമൂൽ കോൺഗ്രസിൽനിന്ന് ഒരാൾ സ്ഥാനാർഥിയാകാനാണ് സാധ്യത.
നാമനിർദേശ പത്രിക ബുധനാഴ്ച ഉച്ചവരെ സ്വീകരിക്കുമെന്ന് രാജ്യസഭാധ്യക്ഷൻ എം. വെങ്കയ്യനായിഡു സഭയെ അറിയിച്ചു. തെരഞ്ഞെടുപ്പു നടപടികൾ തൊട്ടുപിറ്റേന്ന് രാവിലെ 11ന് നടക്കും.
ജൂലൈ രണ്ടിന് പി.ജെ. കുര്യൻ കാലാവധി പൂർത്തിയാക്കിയതാണ്. എന്നാൽ, സർക്കാറിന് ഭൂരിപക്ഷമില്ലെന്നിരിക്കെ, പുതിയ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. സമ്മേളനം പിരിയുന്നതിനു തൊട്ടു തലേന്നു മാത്രമാണ് തെരഞ്ഞെടുപ്പ് എന്നതു ശ്രദ്ധേയം. പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാർഥിയെ ജയിപ്പിക്കാനാവുമോ എന്നാണ് ബി.ജെ.പി നോക്കുന്നത്. പ്രതിപക്ഷമോ ഭരണപക്ഷമോ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നാലു പതിറ്റാണ്ടായി കോൺഗ്രസിെൻറ പക്കലായിരുന്നു ഉപാധ്യക്ഷ സ്ഥാനം.
വോട്ടുബലം
ബി.ജെ.പിയുമായി ബന്ധം അവസാനിപ്പിച്ച ടി.ഡി.പി ഉൾപ്പെടെ പ്രതിപക്ഷത്തിന് രാജ്യസഭയിൽ 117 വോട്ടുണ്ട്. ബി.ജെ.പിയോടു മമത പുലർത്തുന്ന 14 എ.െഎ.എ.ഡി.എം.കെ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാൽ ഭരണസഖ്യത്തിന് 106 പേർ മാത്രം. അതേസമയം, ഒമ്പത് അംഗങ്ങളുള്ള ബി.ജെ.ഡി, ആറുപേരുള്ള ടി.ആർ.എസ് എന്നിവ സമദൂര ശൈലിയാണ് സ്വീകരിച്ചു വരുന്നത്. അവരുടെ അന്തിമ നിലപാട് ജയപരാജയങ്ങളെ സ്വാധീനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.