ന്യൂഡല്‍ഹി: വൈകല്യങ്ങളുള്ള കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള ബില്‍ രാജ്യസഭ പാസാക്കി. 2014 മുതല്‍ പാര്‍ലമെന്‍റിന്‍െറ പരിഗണനയിലുള്ള ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളോടെയാണ് പാസാക്കിയത്. സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭ പാസാക്കിയ ബില്‍ ശീതകാലസമ്മേളനം തീരും മുമ്പ് ലോക്സഭയും പാസാക്കും.
സുധ കൗള്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരമാണ് യു.പി.എ സര്‍ക്കാര്‍ ബില്‍ തയാറാക്കിയത്. അതില്‍ പാര്‍ലമെന്‍ററി സമിതി നിര്‍ദേശിച്ച 59 ഭേദഗതികള്‍ അടക്കം 119 ഭേദഗതികള്‍ വരുത്തിയാണ് ബില്‍ പാസാക്കിയത്.
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭ കണ്‍വെന്‍ഷനിലെ വ്യവസ്ഥകളും ഭേദഗതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഞ്ച് ശതമാനം സംവരണവും സര്‍ക്കാര്‍ ജോലികളില്‍ നാല് ശതമാനം സംവരണവും ബില്‍ വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ ജോലികളില്‍ അഞ്ച് ശതമാനം സംവരണത്തിനും വ്യവസ്ഥയുണ്ട്.
നിലവില്‍ ഏഴ് തരം വൈകല്യമുള്ളവര്‍ക്കായിരുന്നു ഭിന്നശേഷിക്കാര്‍ക്കുള്ള പരിഗണന ലഭിച്ചിരുന്നത്.
പുതിയ ബില്ലിലൂടെ 21 തരം വൈകല്യമുള്ളവര്‍ക്ക് ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. നിലവിലുള്ള നിയമമനുസരിച്ച് അന്ധത, കാഴ്ചക്കുറവ്, ഭേദമായ കുഷ്ഠരോഗം, കേള്‍വിക്കുറവ്, ചലനവൈകല്യം, മാനസിക രോഗം, മാനസിക വളര്‍ച്ചക്കുറവ് തുടങ്ങിയ വൈകല്യങ്ങളുള്ളവരെയാണ് ഭിന്നശേഷിക്കാരായി പരിഗണിച്ചിരുന്നത്. എന്നാല്‍, ആസിഡ് ആക്രമണത്തിനിരയാകുന്നവരും പാര്‍കിന്‍സണ്‍സ് രോഗത്തിനിരയായവരും പുതിയ നിയമം അനുസരിച്ച് ഭിന്നശേഷിക്കാരാണ്. പുതിയ ബില്‍ പ്രകാരം സെറിബ്രല്‍ പാള്‍സി, ഓട്ടിസം, തലാസീമിയ എന്നിവ ബാധിച്ചവരെയും ഭിന്നശേഷിക്കാരായി പരിഗണിക്കും. മറ്റേതെങ്കിലും വൈകല്യമുള്ളവരെ ഭിന്നശേഷിക്കാരുടെ പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാറിന് അധികാരവും ബില്‍ നല്‍കുന്നുണ്ട്. 40 ശതമാനം വൈകല്യമുള്ളവര്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ സംവരണവും സര്‍ക്കാര്‍ പദ്ധതികളില്‍ മുന്‍ഗണനയും ലഭിക്കും. വൈകല്യത്തിന്‍െറ തോത് മെഡിക്കല്‍ ബോര്‍ഡ് നിര്‍ണയിക്കും.
നേരത്തെ ലഭ്യമാകാതിരുന്ന പൊതുസ്ഥലങ്ങളില്‍ പ്രവേശനത്തിനുള്ള അവകാശവും ബില്‍ നല്‍കുന്നുണ്ട്.
കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയടക്കമുള്ള പൊതു ഇടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടി പ്രവേശനം സാധ്യമാകുന്ന തരത്തിലാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഭിന്നശേഷിയുടെ പേരില്‍ ജോലിയുടെ കാര്യത്തില്‍ വിവേചനം പാടില്ല. രോഗിയോട് കൂടിയാലോചിച്ചും അല്ലാതെയും രണ്ട് തരത്തില്‍ മാനസികരോഗമുള്ളവരുടെ രക്ഷാകര്‍തൃത്വം അനുവദിക്കാന്‍ ബില്‍ ജില്ല കോടതികള്‍ക്ക് അധികാരം നല്‍കുന്നു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്നവര്‍ക്ക് നിലവിലുള്ള നിയമപ്രകാരം ശിക്ഷയൊന്നുമില്ല.
എന്നാല്‍, പുതിയ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് തടവ് ശിക്ഷയുണ്ടാകില്ല. പകരം 10000 രൂപ വരെ പിഴയീടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 50,000 വരെ പിഴ ശിക്ഷ ലഭിക്കും.
അതേസമയം, നിയമം ദുരുപയോഗം ചെയ്ത് അനര്‍ഹര്‍ക്ക് അനൂകൂല്യം നല്‍കിയാല്‍ രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.