രാജസ്ഥാനിൽ കുതിരക്കച്ചവട ഭീതി; കോൺഗ്രസ്, ബി.ജെ.പി എം.എൽ.എമാരെല്ലാം റിസോർട്ടിൽ

ജയ്പൂർ: രാജ്യസഭ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് രണ്ട് ദിവസം മാത്രം ശേഷിക്കേ എം.എൽ.എമാരെ വിലകൊടുത്ത് വാങ്ങുന്ന 'കുതിരക്കച്ചവടം' തടയാൻ ജാഗ്രതയോടെ രാജസ്ഥാനിൽ കോൺഗ്രസും ബി.ജെ.പിയും. കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ നേരത്തെ തന്നെ ഉദയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ബി.ജെ.പി തങ്ങളുടെ എം.എൽ.എമാരെ ജയ്പൂരിലെ റിസോർട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്.

കുതിരക്കച്ചവടവും അതുവഴി ക്രോസ് വോട്ടിങ്ങും തടയുന്നതിനായാണ് എം.എൽ.എമാരെ റിസോർട്ടുകളിലും ഹോട്ടലുകളിലും താമസിപ്പിച്ചിരിക്കുന്നത്. പരിശീലന ക്യാമ്പിന്‍റെ ഭാഗമായാണ് എം.എൽ.എമാർ റിസോർട്ടിൽ കഴിയുന്നതെന്ന് ബി.ജെ.പി വിശദീകരിക്കുന്നു. എം.എൽ.എമാർക്ക് യോഗ പരിശീലനം ഉൾപ്പെടെ നൽകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തങ്ങളുടെ എം.എൽ.എമാരെ സ്വാധീനിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് കാട്ടി ബി.ജെ.പി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കത്ത് നൽകി. എം.എൽ.എമാരുടെ ഫോൺ ചോർത്തുന്നതായും അന്വേഷണം വേണമെന്നുമാണ് ആവശ്യം.

അതേസമയം, സ്വതന്ത്ര സ്ഥാനാർഥി സുഭാഷ് ചന്ദ്രക്കും ബി.ജെ.പി നേതാക്കൾക്കുമെതിരെ ആരോപണവുമായി കോൺഗ്രസും രംഗത്തെത്തി. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. മൂന്ന് സീറ്റുകൾ ജയിക്കാൻ ആവശ്യമായ 123 സീറ്റിന് പകരം കോൺഗ്രസിന് 126 സീറ്റുകളുണ്ടെന്ന് കോൺഗ്രസ് നേതാവ് മഹേഷ് ജ്യോതി പറഞ്ഞു. സുഭാഷ് ചന്ദ്രക്ക് 33 പേരുടെ പിന്തുണ മാത്രമേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, എട്ട് എം.എൽ.എമാർ തനിക്ക് വോട്ട് ചെയ്യുമെന്ന് വാക്കുനൽകിയതായാണ് ചൊവ്വാഴ്ച സുഭാഷ് ചന്ദ്ര അവകാശപ്പെട്ടത്. 71 എം.എൽ.എമാരുള്ള ബി.ജെ.പി ഘനശ്യാം തിവാരിയെയാണ് തങ്ങളുടെ സ്ഥാനാർഥിയായി രംഗത്തിറക്കിയിട്ടുള്ളത്. സുഭാഷ് ചന്ദ്രയെ പിന്തുണക്കുന്നുമുണ്ട്.

സുഭാഷ് ചന്ദ്രയും ബി.ജെ.പിയും കുതിരക്കച്ചവടം നടത്തുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അംഗങ്ങൾ ക്രോസ് വോട്ട് ചെയ്യുമെന്നാണ് ഇവർ അവകാശപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് കമീഷനും പൊലീസും ഇതിന് പിന്നിലെ നീക്കങ്ങൾ അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

രാജ്യസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പണ ഇടപാടുകൾ നടക്കാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രതയോടെയിരിക്കാൻ ആന്‍റി കറപ്ഷൻ ബ്യൂറോയോട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Rajya Sabha polls: Congress, BJP fear ‘horse-trading’ in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.