ന്യൂഡൽഹി: നാടകീയ നീക്കങ്ങളുടെ അകമ്പടിയോടെ രാജ്യസഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച. 15 സംസ്ഥാനങ്ങളിലെ 57 ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിൽ 11 സംസ്ഥാനങ്ങളിൽ നിന്നായി വിവിധ പാർട്ടികളിൽ പെട്ട 41 സ്ഥാനാർഥികൾ ഇതിനകം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 16 സീറ്റിലാണ് വോട്ടെടുപ്പ് വേണ്ടി വരുന്നത്. അടിയൊഴുക്കുകൾ ഏറെ. കുതിരക്കച്ചവട സാധ്യത ഭയന്ന് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് രാജസ്ഥാനിൽ കോൺഗ്രസ്.
ആന്ധ്രപ്രദേശ്, ഛത്തിസ്ഗഢ്, ബിഹാർ, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡിഷ, തമിഴ്നാട്, തെലങ്കാന, യു.പി, ഉത്തരഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നാണ് 41 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തത്. സ്വതന്ത്ര സ്ഥാനാർഥികളായി രണ്ട് മാധ്യമ പ്രമുഖർ കളത്തിലിറങ്ങിയതോടെ രാജസ്ഥാനിലും ഹരിയാനയിലും തെരഞ്ഞെടുപ്പു ചിത്രം മാറി. വോട്ട് തികയില്ലെങ്കിലും കർണാടകത്തിലെ നാലാമത്തെ സീറ്റിലേക്ക് ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസ്, ജെ.ഡി.എസ് എന്നീ പ്രതിപക്ഷ പാർട്ടികളും മത്സരിക്കുന്നത് പിരിമുറുക്കം കൂട്ടി. മഹാരാഷ്ട്രയിൽ ഒരു സ്ഥാനാർഥിയെക്കൂടി നിർത്താൻ ബി.ജെ.പിയും എതിരാളികളായ ശിവസേനയും തീരുമാനിച്ചു.
രാജസ്ഥാനിൽ സീറ്റ് നാല്. സ്ഥാനാർഥി അഞ്ച്. ജയിക്കാൻ ഓരോ സ്ഥാനാർഥിക്കും കിട്ടേണ്ട വോട്ട് 41. രാജസ്ഥാൻ നിയമസഭയിലെ 200ൽ കോൺഗ്രസിനുള്ള അംഗങ്ങൾ 108. ബി.ജെ.പിക്ക് 71. അതനുസരിച്ച് നോക്കിയാൽ കോൺഗ്രസ് രണ്ടു സീറ്റിലും ബി.ജെ.പി ഒന്നിലും ജയിക്കും. എന്നാൽ രൺദീപ്സിങ് സുർജേവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി എന്നീ മൂന്നു പേരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. ബി.ജെ.പി ഘനശ്യാം തിവാരിയെ മാത്രമാണ് സ്ഥാനാർഥിയാക്കിയത്. അതേസമയം, 'സീ'യുടെ ഉടമയായ മാധ്യമ പ്രമുഖൻ സുഭാഷ് ചന്ദ്ര സ്വതന്ത്രനായി കളത്തിലിറങ്ങിയിട്ടുണ്ട്; ബി.ജെ.പി പിന്തുണക്കുകയും ചെയ്യുന്നു. കോൺഗ്രസിന് മൂന്നു പേരെയും ജയിപ്പിക്കാൻ 15 വോട്ടു കൂടി വേണം. ബി.ജെ.പിക്ക് രണ്ടു പേർക്കുമായി 11 സീറ്റു കൂടി കിട്ടണം. ചെറുകക്ഷികളും സ്വതന്ത്രരും നിർണായകം.
ഹരിയാനയിൽ രണ്ടു സീറ്റിലേക്ക് സ്ഥാനാർഥികൾ മൂന്ന്. ജയിക്കാൻ വേണ്ടത് 31 വോട്ട്. 90 അംഗ നിയമസഭയിൽ കോൺഗ്രസിന് 31 അംഗങ്ങൾ. അജയ് മാക്കനെ ജയിപ്പിക്കാൻ കോൺഗ്രസിന് പ്രയാസമില്ല. 40 എം.എൽ.എമാരുളള ബി.ജെ.പി മുൻമന്ത്രി കൃഷൻലാൽ പൻവാറിനെ സ്ഥാനാർഥിയാക്കിയതോടൊപ്പം മാധ്യമ രംഗത്തെ പ്രമുഖനായ ന്യൂസ് എക്സ് ഉടമ കാർത്തികേയ ശർമയെ പിന്തുണക്കുന്നു. ശർമക്ക് സഖ്യകക്ഷിയായ ജെ.ജെ.പിയുടെ 10 സീറ്റു കുടി ബി.ജെ.പി പ്രതീക്ഷിക്കുന്നു. ഏഴു സ്വതന്ത്രർ വേറെയുമുണ്ട്. കാർത്തികേയ ശർമക്ക് ഐ.എൻ.എൽ.ഡിയും ഹരിയാന ലോക്ഹിത് പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കർണാടകത്തിൽ നാലു സീറ്റിലേക്ക് സ്ഥാനാർഥികൾ ആറ്. ജയിക്കാൻ വേണ്ട വോട്ട് 45. 224 അംഗ സഭയിൽ കോൺഗ്രസ് 70; ബി.ജെ.പി 121, ജെ.ഡി.എസ് 32. ബി.ജെ.പി രണ്ടു സീറ്റിലും കോൺഗ്രസ് ഒന്നിലും ജയിക്കും. എന്നാൽ, ബി.ജെ.പിയും കോൺഗ്രസും സ്ഥാനാർഥിയെ നിർത്തിയതിനാൽ നാലാമത്തെ സീറ്റ് നിർണായകം. മുൻമന്ത്രി ജയ്റാം രമേശ്, മൻസൂർ അലിഖാൻ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. ധനമന്ത്രി നിർമല സീതാരാമൻ, നടൻ ജഗ്ഗേഷ്, ലഹർസിങ് സിരോയ എന്നിവർ ബി.ജെ.പി സ്ഥാനാർഥികൾ. റിയൽ എസ്റ്റേറ്റ് വ്യവസായി ഡി. കുപേന്ദ്ര റെഡിയാണ് ജെ.ഡി.എസ് സ്ഥാനാർഥി.
മഹാരാഷ്ട്രയിൽ ആറു സിറ്റിലേക്ക് ഏഴു സ്ഥാനാർഥികൾ. ജയിക്കാൻ ഓരോരുത്തർക്കും 42 സീറ്റ് വേണം. 288 അംഗ നിയമസഭയിൽ ബി.ജെ.പി 106, ശിവസേന 55, കോൺഗ്രസ് 44, എൻ.സി.പി 53 എന്നിങ്ങനെയാണ് അംഗങ്ങൾ. എൻ.സി.പിയുടെ രണ്ടു പേർ ജയിലിലാണ്. ചെറുപാർട്ടികൾക്കും സ്വതന്ത്രർക്കുമായി 29 വോട്ടുണ്ട്. മന്ത്രി പീയുഷ് ഗോയൽ, അനിൽ ബോബ്ദെ, ധനഞ്ജയ് ഹാദിക് എന്നിവർ ബി.ജെ.പിയുടെയും സഞ്ജയ് റാവത്ത്, സഞ്ജയ് പവാർ എന്നിവർ ശിവസേനയുടെയും സ്ഥാനാർഥികൾ. സഖ്യകക്ഷികളായ എൻ.സി.പിക്കും കോൺഗ്രസിനും യഥാക്രമം മുൻമന്ത്രി പ്രഫുൽ പട്ടേൽ, ഇമ്രാൻ പ്രതാപ്ഗഡി എന്നിവരാണ് സ്ഥാനാർഥികൾ.
വോട്ട് മറുകണ്ടം ചാടിയില്ലെങ്കിൽ കോൺഗ്രസിന് രണ്ട് വോട്ടാണ് മിച്ചം. എൻ.സി.പിക്ക് ഒൻപത്. ഈ വോട്ടുകൾ ശിവസേനക്ക് കിട്ടേണ്ടതാണ്. രണ്ടു സ്ഥാനാർഥികളിൽ ഒരാളെ ജയിപ്പിച്ചു കഴിഞ്ഞാൽ അവർക്ക് സ്വന്തംനിലക്ക് 13 മിച്ച വോട്ടുകളുണ്ട്.
സർക്കാറിന്റെ ഭാഗമായ നാല് സ്വതന്ത്രർ പുറമെ. ഫലത്തിൽ 24 വോട്ട് ശിവസേനയുടെ രണ്ടാം സ്ഥാനാർഥിക്കുണ്ട്. എന്നാൽ, വോട്ട് മറുകണ്ടം ചാടാൻ സാധ്യതയേറെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.