മുൻ കോൺഗ്രസ് എം.എൽ.എ ഹർഷ് മഹാജനെ സ്ഥാനാർഥിയാക്കിയാണ് ബി.ജെ.പി ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ വെട്ടിലാക്കിയത്. 68 അംഗ നിയമസഭയിൽ 25 പേർ മാത്രമാണ് ബി.ജെ.പിക്കെങ്കിലും ആറു കോൺഗ്രസുകാരും കോൺഗ്രസിനൊപ്പം നിന്ന മൂന്നു സ്വതന്ത്രരും ഹർഷ് മഹാജനെ പിന്തുണച്ചത് കോൺഗ്രസിനെ ഞെട്ടിച്ചു. മുഖ്യമന്ത്രി സുഖ്വീന്ദർ സുഖുവിനോടുള്ള അതൃപ്തി കൂടിയാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത്. മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വിയെ സംസ്ഥാനത്തേക്ക് സ്ഥാനാർഥിയായി കെട്ടിയിറക്കിയത് എം.എൽ.എമാർക്ക് പിടിച്ചില്ല. ആനന്ദ് ശർമയെ സ്ഥാനാർഥിയാക്കണമെന്ന് വാദിച്ചവരും അവർക്കിടയിലുണ്ട്. ഹൈകമാൻഡ് പ്രതിനിധിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് മുഖ്യമന്ത്രിക്ക് വലിയ ക്ഷീണമായി.
കർണാടകത്തിൽ നാലു സീറ്റിലേക്ക് നടന്ന മത്സരത്തിൽ അജയ് മാക്കൻ, സയ്യിദ് നാസിർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ എന്നീ കോൺഗ്രസ് സ്ഥാനാർഥികളും ബി.ജെ.പിയുടെ നാരായണ ഭാഗഡെയുമാണ് ജയിച്ചത്. ജെ.ഡി.എസിന്റെ കുപേന്ദ്ര റെഡ്ഡിയെക്കൂടി ബി.ജെ.പി-ജെ.ഡി.എസ് സഖ്യം സ്ഥാനാർഥിയാക്കിയിരുന്നു.
പക്ഷേ, അട്ടിമറി പ്രതീക്ഷ തെറ്റി. കോൺഗ്രസിന് രണ്ട് സ്വതന്ത്രരുടേതടക്കം 136 എം.എൽ.എമാരുടെ പിന്തുണയുണ്ട്. ബി.ജെ.പിക്ക് 66; ജെ.ഡി.എസിന് 19. എസ്.ടി സോമശേഖർ എതിർ സ്ഥാനാർഥിയെ പിന്തുണക്കുകയും ശിവറാം ഹെബ്ബർ പാർട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തത് കുപേന്ദ്ര റെഡ്ഡിയെക്കൂടി ജയിപ്പിക്കാമെന്ന മോഹം തകർത്തു. പ്രതിപക്ഷ പാളയത്തിൽ എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും സ്വന്തം എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കുന്നതിലായിരുന്നു ശ്രദ്ധയെന്നുമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചത്.
രാജ്യസഭ തെരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്ക് മാത്രമായിരുന്നു വോട്ടെടുപ്പ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 41 സ്ഥാനാർഥികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രാജസ്ഥാനിൽനിന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ ഗുജറാത്തിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് (ഒഡിഷ), കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മുൻമുഖ്യമന്ത്രി അശോക് ചവാൻ (മഹാരാഷ്ട്ര) തുടങ്ങിയവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ന്യൂഡൽഹി: എം.എൽ.എമാരെ ഉറപ്പിച്ചു നിർത്താൻ വോട്ടെടുപ്പിനു തലേന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെയാണ് ചീഫ് വിപ്പ് മനോജ്കുമാർ പാണ്ഡെ അടക്കം എട്ട് എം.എൽ.എമാർ ബി.ജെ.പിയെ സഹായിച്ചത്. ചൊവ്വാഴ്ച രാവിലെ ചീഫ് വിപ്പ് രാജിക്കത്ത് കൈമാറിയതോടെ ചിത്രം വ്യക്തമായി. മൂന്നാമത്തെ സ്ഥാനാർഥിയെ നിർത്തിയതു തന്നെ ഒറിജിനൽ സഹപ്രവർത്തകരെ തിരിച്ചറിയാൻ വേണ്ടിയാണെന്ന് വോട്ടുചെയ്ത് ഇറങ്ങുമ്പോൾ അഖിലേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പുറത്താക്കൽ നടപടി ഇവർ നേരിടേണ്ടി വരും. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പു ഘട്ടത്തിൽ ഇത്രയും പേർ ബി.ജെ.പിയെ പിന്തുണച്ചത് സമാജ്വാദി പാർട്ടിക്കും ഇൻഡ്യ സഖ്യത്തിനും ആഘാതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.