രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ രാ​മ​ദേ​വ​ര​ബെ​ട്ട

രാമക്ഷേത്രം; നോട്ടം നേട്ടം

ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രം മാതൃകയിൽ കർണാടക രാമനഗരയിലെ രാമദേവരബെട്ടയിൽ ബി.ജെ.പി സർക്കാർ നിർമിക്കാൻ പോകുന്ന രാമക്ഷേത്രം നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയുടെ തുറുപ്പുശീട്ടാവും. വികസന വിഷയങ്ങൾക്കു പകരം ഹിജാബ് നിരോധനം അടക്കമുള്ള വിഷയങ്ങൾ പ്രചാരണായുധമാക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീൽ തന്നെ ആഹ്വാനം ചെയ്തതോടെ വരുന്ന തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ അജണ്ടകൾ പ്രചാരണത്തിൽ ഉയർത്തുമെന്ന് ഉറപ്പായിരുന്നു. അതിനെ സാധൂകരിക്കുന്ന പദ്ധതി പ്രഖ്യാപനങ്ങളാണ് ബൊമ്മൈ സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.

രാമനഗരയിലെ രാമദേവരബെട്ടയിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ച രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊണ്ടുവരാനാണ് കർണാടക സർക്കാർ ശ്രമം നടത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ തറക്കല്ലിടൽ ചടങ്ങ് അടക്കമുള്ള പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമിട്ടേക്കും. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലാണ് മുഖ്യമന്ത്രി ബൊമ്മൈ രാമക്ഷേത്ര പദ്ധതി പ്രഖ്യാപിച്ചത്. ‘ദക്ഷിണേന്ത്യയിലെ അയോധ്യ’യായി രാമദേവരബെട്ടയെ മാറ്റുന്നതിലൂടെ വർഗീയ പ്രീണനത്തിലൂടെ കർണാടകയിൽ നേട്ടംകൊയ്യാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.

രാമനഗര ജില്ലയിലെ രാമദേവരബെട്ടയിലെ 19 ഏക്കറിലായാണ് ക്ഷേത്രം നിർമിക്കുക. ക്ഷേത്ര ഭരണവകുപ്പായ മുസ്റെക്കു കീഴിലുള്ളതാണ് പദ്ധതി പ്രദേശം. എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ, രാമദേവരബെട്ട പ്രദേശത്ത് ഫിലിം സിറ്റി പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല.കോൺഗ്രസിന്റെയും ജെ.ഡി-എസിന്റെയും ശക്തികേന്ദ്രങ്ങളിലൊന്നാണ് രാമനഗര ജില്ല. ജെ.ഡി-എസ് നിയമസഭ കക്ഷിനേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെയും ഭാര്യ അനിത കുമാരസ്വാമിയുടെയും മണ്ഡലങ്ങൾ രാമനഗരയിലാണ്. കുമാരസ്വാമി രാമനഗരയിലെയും അനിത ചന്നപട്ടണയിലെയും ജനപ്രതിനിധികളാണ്.

രാമനഗരയിലെ കനകപുര മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയാണ് കർണാടക കോൺഗ്രസ് അധ്യക്ഷനായ ഡി.കെ. ശിവകുമാർ. ഇതിനു പുറമെ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 27 സീറ്റുകളിൽ 25ഉം ബി.ജെ.പി തൂത്തുവാരിയപ്പോൾ കോൺഗ്രസിനൊപ്പം നിന്ന ഏക മണ്ഡലം രാമനഗര ഉൾപ്പെടുന്ന ബംഗളൂരു റൂറൽ ആയിരുന്നു. ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷായിരുന്നു കർണാടകയിൽനിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്സഭാംഗം. രാമനഗര ബി.ജെ.പിയുടെ ടാർഗറ്റിലുൾപ്പെടുന്നതും ഇത്തരം രാഷ്ട്രീയ കാരണങ്ങളാലാണ്.

കുറച്ചു വർഷങ്ങളായി രാമനഗര കേന്ദ്രീകരിച്ച് ബി.ജെ.പിയും ആർ.എസ്.എസും ഹിന്ദു ജാഗരണ വേദികെ അടക്കമുള്ള മറ്റു ഹിന്ദുത്വ സംഘടനകളും ആസൂത്രിതമായ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. 2020ൽ കനക്പുരയിലെ കപിലബെട്ടയിൽ 114 അടി വലുപ്പത്തിൽ യേശുക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനകൾ വൻ പ്രചാരണം നടത്തിയിരുന്നു. തുടർന്ന് കനക്പുരയിലും ചന്നപട്ടണയിലും കല്ലട്ക്ക പ്രഭാകറിന്റെ നേതൃത്വത്തിൽ ആർ.എസ്.എസ് റൂട്ട് മാർച്ച് നടത്തുകയും ചെയ്തു.

രാമനഗരയിൽ ജീവിക്കുന്നവർ രാമസംസ്കാരത്തിന് പകരം രാവണ സംസ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു യേശുപ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നേതാവിന്റെ പ്രസ്താവന. പഴയ മൈസൂരു മേഖലയിൽ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാത്ത ജില്ലയാണ് രാമനഗര. മാണ്ഡ്യയിൽ കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിലും സ്വതന്ത്ര സ്ഥാനാർഥിയായ സുമലതയെ പിന്തുണച്ച് ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി അക്കൗണ്ട് തുറന്നിരുന്നു. ആസൂത്രിത ശ്രമങ്ങൾ വഴി രാമനഗരയിലും വേരുറപ്പിക്കാനുള്ള സംഘ്പരിവാർ ശ്രമത്തിന്റെ ഭാഗമായാണ് രാമക്ഷേത്ര പ്രഖ്യാപനം. 

Tags:    
News Summary - Rama Temple; Aim for achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.