ന്യൂഡൽഹി: ഒ.ബി.സി വിഭാഗത്തെ കുറിച്ച് നടത്തിയ അപകീർത്തി പരാമർശത്തിൽ വിമർശനം കനത്തതോടെ പറഞ്ഞത് ഒ.ബി.സിയെ കുറിച്ചല്ല ഉവൈസിയെ കുറിച്ചെന്ന 'വിശദീകരണ'വുമായി യോഗാ ഗുരു രാംദേവ്. സ്വകാര്യ ടി.വി ചാനലിൽ നടന്ന പരിപാടിയിലായിരുന്നു ഒ.ബി.സി വിഭാഗത്തെ കുറിച്ചുള്ള രാംദേവിന്റെ പരാമർശം.
താൻ അഗ്നിഹോത്രി ബ്രാഹ്മണനാണെന്നും ബ്രഹ്മ ഗോത്രത്തിൽ നിന്നാണെന്നും പറഞ്ഞതിന് പിന്നാലെയാണ് രാംദേവ് ഒ.ബി.സി വിഭാഗത്തെ കുറിച്ച് അപകീർത്തി പരാമർശം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രാംദേവിന്റെ പത്ഞ്ജലി ഉത്പന്നങ്ങൾ ബോയ്ക്കോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് സ്വയം ഒ.ബി.സി വിഭാഗക്കാരനെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാംദേവിന്റെ പരാമർശത്തിൽ പ്രതികരിക്കുകയോ നടപടിയെടുക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ഒ.ബി.സി വിരുദ്ധ പരാമർശത്തിന് പിന്നാലെ എക്സിൽ ബോയ്ക്കോട്ട് കാമ്പയിനും ആരംഭിച്ചതോടെയാണ് രാംദേവിന്റെ വിശദീകരണം.
ഒ.ബി.സിയെ കുറിച്ച് അപകീർത്തി പരാമർശം നടത്തിയത് എന്തിനാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ ഒ.ബി.സിയെ കുറിച്ചല്ല മറിച്ച് ഉവൈസിയ കുറിച്ചായിരുന്നു പരാമർശിച്ചതെന്നുമായിരുന്നു രാംദേവിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.