റീജ്യനൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതിക്ക് ഫണ്ട് നൽകുന്നതിൽ വീഴ്ച വരുത്തിയതിന് ഡൽഹി സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. പദ്ധതിയുടെ വിഹിതം നവംബർ 28 നകം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. ഡൽഹി സർക്കാർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ എ.എ.പി സർക്കാരിന്റെ ഈ വർഷത്തെ ബജറ്റിൽ നിന്നുള്ള തുക തിരിച്ചുവിടുമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഡൽഹി-മീററ്റ് റീജ്യനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് നൽകാൻ ബാക്കിയുള്ള 415 കോടി രൂപ ഡൽഹി സർക്കാരിനോട് ഒരാഴ്ചക്കകം നൽകണമെന്നും അല്ലെങ്കിൽ 550 കോടിയുടെ പരസ്യ ബജറ്റ് കണ്ടുകെട്ടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മൂന്ന് വർഷത്തിനുള്ളിൽ ഡൽഹി സർക്കാരിന് 1100 കോടി രൂപ പരസ്യങ്ങൾക്കായി ചെലവഴിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് സംഭാവന നൽകാൻ കഴിയില്ലെന്നും കോടതി ചോദിച്ചു. നവംബർ 28നാണ് കേസിന്റെ അടുത്ത വാദം കേൾക്കൽ.
പരമ്പരാഗത മെട്രോ ട്രെയിനുകളോട് സാമ്യമുള്ള ആർ.ആർ.ടി.എസ് ട്രെയിനുകൾ ലഗേജ് കാരിയറുകളും കോച്ചുകൾക്കുള്ളിലെ മിനിയേച്ചർ സ്‌ക്രീനുകളും ഉൾപ്പെടെ നിരവധി പാസഞ്ചർ കേന്ദ്രീകൃത സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഡൽഹിക്കും മീററ്റിനും ഇടയിൽ ഇന്ത്യയിലെ ആദ്യത്തെ റീജ്യനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കാൻ നാഷണൽ ക്യാപിറ്റൽ റീജ്യൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.