ആരാകും ആ മനുഷ്യസ്നേഹത്തിന് പിൻഗാമി

മുംബൈ: രത്തൻ ടാറ്റ വിടവാങ്ങിയതോടെ ആ പാരമ്പര്യം കുടുംബത്തിലെ ആര് ഏറ്റെടുക്കുമെന്ന് നോക്കുകയാണ് വ്യവസായ-രാഷ്ട്രീയ ലോകം. കച്ചവടത്തെ മാത്രമല്ല മനുഷ്യരെയും മൃഗങ്ങളെയും ജീവിതത്തോട് ചേർത്തു പിടിച്ച, സമ്പാദ്യത്തിന്റെ മുക്കാൽ പങ്കും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നീക്കിവെച്ച രത്തൻ ടാറ്റയുടെ പിൻഗാമിയാകൽ ചെറിയ കാര്യമല്ല. അവിവാഹിതനാണ് രത്തൻ.

സഹോദരൻ നോയെൽ ടാറ്റ, അദ്ദേഹത്തിന്റെ മക്കളായ നെവില്ലേ ടാറ്റ, ലീഹ് ടാറ്റ, മായ ടാറ്റ എന്നിവരുടെ പേരുകളാണ് ബിസിനസ് ലോകത്ത് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ടാറ്റയുടെ ചെയർമാനായിരിക്കെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക വികസനത്തിന് ഊന്നൽ നൽകിയ രത്തൻ സ്ഥാനമൊഴിഞ്ഞ ശേഷവും സാമ്പത്തിക സഹായങ്ങൾ തുടർന്നിരുന്നു.

2012ലാണ് ടാറ്റയുടെ നേതൃപദവിയിൽനിന്ന് വിരമിക്കുകയാണെന്ന് രത്തൻ ടാറ്റ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ടാറ്റയുടെ ചെങ്കോലേറ്റു വാങ്ങാനുള്ള ദൗത്യം വന്നെത്തിയത് ടാറ്റ കുടുംബത്തിനു പുറത്തുള്ള സൈറസ് പി. മിസ്ത്രിയുടെ കൈകളിൽ. ടാറ്റയുടെ ചരിത്രത്തിൽ കുടുംബത്തിനു പുറത്തുനിന്നുള്ള ആദ്യത്തെ മേധാവി. മിസ്ത്രിയുടെ ചെയർമാൻ സ്ഥാനത്തിന് പക്ഷേ നാലുവർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. രത്തൻ ടാറ്റയുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസത്തെ തുടർന്ന് അതിനാടകീയമായി മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കി. പിന്നാലെ എൻ. ചന്ദ്ര​ശേഖരൻ എന്ന നടരാജൻ ചന്ദ്രശേഖരൻ ചെയർമാൻ സ്ഥാനത്തെത്തി.

നെവില്‍ ടാറ്റ, രത്തൻ ടാറ്റ, മായ ടാറ്റ, ലിയ ടാറ്റ

 

അർധസഹോദരൻ നോയൽ ടാറ്റയെ ചെയർമാൻ സ്ഥാനത്തേക്ക് രത്തൻ ടാറ്റ പരിഗണിച്ചിരുന്നില്ല. ആ ഉത്തരവാദിത്തം നിറവേറ്റാൻ നോയൽ ടാറ്റ പ്രാപ്തനല്ലെന്നായിരുന്നു രത്തൻ ടാറ്റയുടെ വാദം. നോയൽ ടാറ്റയുടെ ഇളയ മകളായ മായ ടാറ്റ രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ഗ്രൂപ്പിൻ്റെ തലപ്പത്തേക്ക് എത്തുമെന്ന അഭ്യൂഹം ഈയിടെയുണ്ടായിരുന്നു. നോയൽ ടാറ്റയുടെ മക്കളായ ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിവര്‍ ടാറ്റ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റില്‍ നിയമിച്ചത് ടാറ്റ ഗ്രൂപ്പ് സംവിധാനത്തിൻ്റെ കൂടുതൽ ചുമതലകൾ നൽകാനും ക്രമേണ നേതൃപദവിയിലേക്ക് എത്തിക്കാനുമാണ് എന്നായിരുന്നു പ്രചരിച്ചത്.  

Tags:    
News Summary - Ratan Tata Successor: Who Will Lead the Tata Group Next?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.