ന്യൂഡൽഹി: എൻ.ഡി.ടി.വി സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ രവീഷ് കുമാര്‍ രാജിവെച്ചു. സ്ഥാപകരായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവർ ഡയറക്ടർ ബോർഡിൽനിന്ന് രാജിവെച്ചതിന് പിന്നാലെയായിരുന്നു രവീഷ് കുമാറിന്റെ രാജി. അദാനി ഗ്രൂപ് എൻ.ഡി.ടി.വിയെ ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് രാജികൾ.
ജനകീയ വിഷയങ്ങളില്‍ മികച്ച റിപ്പോര്‍ട്ടിങ്ങിലൂടെ ശ്രദ്ധേയനായ രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനാണ് രവീഷ് കുമാര്‍. ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്, പ്രൈം ടൈം എന്നീ ജനകീയ പരിപാടികള്‍ അവതരിപ്പിച്ചു. മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് രണ്ട് തവണ രാംനാഥ് ഗോയങ്കെ പുരസ്കാരവും മാഗ്സസെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
എൻ.ഡി.ടി.വിയിൽ ആർ.ആർ.പി.ആർ ഹോൾഡിങ്ങിനുള്ള 29.18 ശതമാനം ഓഹരികൾ അദാനി ഗ്രൂപ് വളഞ്ഞ വഴിയിൽ സ്വന്തമാക്കിയത് ആഗസ്റ്റ് 23നാണ്. അതിനുശേഷവും പ്രണോയ്-രാധിക എന്നിവർക്ക് ടെലിവിഷൻ സ്ഥാപനത്തിൽ 32.46 ശതമാനം ഓഹരിയുണ്ട്. അതേസമയം, എൻ.ഡി.ടി.വിയുടെ 26 ശതമാനം ഓഹരികൂടി വാങ്ങാനുള്ള നടപടികളിലാണ് അദാനി ഗ്രൂപ്.
അതനുസരിച്ച് ഈ മാസം 22ന് ഓപൺ ഓഫർ നടപടി തുടങ്ങി. താൽപര്യമുള്ളവർക്ക് ഡിസംബർ അഞ്ചുവരെ നിശ്ചിത വിലക്ക് ഓഹരി വിൽക്കാം. അത്രയും ഓഹരികൂടി കിട്ടിയാൽ അദാനി ഗ്രൂപ്പിന്റെ പൂർണ നിയന്ത്രണത്തിലാകും എൻ.ഡി.ടി.വി.
എൻ.ഡി.ടി.വി സ്ഥാപകരുടെ പിന്തുണയുള്ള ഒരു സ്ഥാപനം അദാനി ഗ്രൂപ്പിന് നിശ്ചിത ഓഹരികൾ തിങ്കളാഴ്ച കൈമാറിയിരുന്നു. അദാനി നൽകുന്നതിനോട് കിടപിടിക്കാവുന്ന വില നൽകിയാൽ ഈ ഓഹരി വാങ്ങാൻ പ്രണോയ് റോയിക്കും ഭാര്യക്കും കഴിയുമായിരുന്നു. എന്നാൽ, അവർക്ക് ഈ ഭാരിച്ച തുക വിപണിയിൽ ഇറക്കാൻ കഴിഞ്ഞില്ല. ഇതോടെ അദാനിയുടെ ഏറ്റെടുക്കൽ നടപടി ലക്ഷ്യത്തോട് അടുത്തു.
അദാനി ആഗസ്റ്റിൽ കൈയടക്കിയ വി.പി.സി.എൽ എന്ന കമ്പനിയിൽനിന്ന് ഒരു പതിറ്റാണ്ടുമുമ്പ് 400 കോടി രൂപ പലിശരഹിത വായ്പ എടുത്തപ്പോൾ നൽകിയ ഈടാണ് പ്രണോയ്-രാധിക ദമ്പതിമാർക്കുമുന്നിൽ ചതിയായി മാറിയത്. വായ്പത്തുകക്ക് തുല്യമായ 29.18 ശതമാനം എൻ.ഡി.ടി.വി ഓഹരി അങ്ങനെ അദാനി സമ്പാദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.