അഹ്മദാബാദ്: ഗോധ്ര കലാപ കേസുമായി ബന്ധപ്പെട്ട് നിരപരാധികൾക്ക് വധശിക്ഷ ഉറപ്പാക്കാനും അന്നത്തെ ഗുജറാത്ത് സർക്കാറിനെയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്താനും വ്യാജ തെളിവുണ്ടാക്കിയെന്ന കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി. ശ്രീകുമാറിന്റെ അപേക്ഷ സെഷൻസ് കോടതി തള്ളി. ശ്രീകുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയാണ് അഡീഷനൽ സെഷൻസ് ജഡ്ജ് എ.ആർ. പാട്ടീൽ അപേക്ഷ തള്ളിയത്.
ശ്രീകുമാറിനുപുറമെ സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ട് എന്നിവരാണ് കേസിലെ പ്രതികൾ.
കലാപത്തിനിടെ കൊല്ലപ്പെട്ട മുൻ എം.പി. ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സകിയ ജാഫ്രി നരേന്ദ്ര മോദിക്കെതിരെ നൽകിയ പരാതിയിൽ വ്യാജ തെളിവുകൾ ഉൾപ്പെടുത്താൻ ശ്രീകുമാർ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയതായാണ് പ്രോസിക്യൂഷൻ ആരോപണം.
വിവിധ സംസ്ഥാനങ്ങളിലാണ് ഗൂഢാലോചന നടന്നത്. ഫോറൻസിക് ലാബിൽ പരിശോധനക്കയച്ച് ശ്രീകുമാറിന്റേതെന്ന് ഉറപ്പുവരുത്തിയെന്ന അവകാശവാദവുമായി ഓഡിയോ ക്ലിപ്പും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീകുമാറിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
2002ൽ ഗോധ്ര കലാപം നടക്കുമ്പോൾ അഡീഷനൽ ഡി.ജി.പിയായിരുന്നു ശ്രീകുമാർ. വ്യാജ തെളിവ് കേസിൽ ശ്രീകുമാർ ഉൾപ്പെടെയുള്ളവരെ 2022 ജൂണിലാണ് അഹ്മദാബാദ് സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കേസന്വേഷണത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചു. സെപ്റ്റംബർ 21ന് കുറ്റപത്രം സമർപ്പിച്ചു.
ശ്രീകുമാറും ടീസ്റ്റ സെറ്റൽവാദും ഇപ്പോൾ ഇടക്കാല ജാമ്യത്തിലാണ്. സഞ്ജീവ് ഭട്ട് മറ്റൊരു കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.