അഹ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ് എം.എൽ.എയും നാല് മുൻ എം.എൽ.എമാരും കലാപക്കൊടി ഉയർത്തിയത് ഗുജറാത്തിൽ ബി.ജെ.പിക്ക് തലവേദന. അനുയായികളുമായി ആലോചിച്ച് ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്ന മുന്നറിയിപ്പുമായി ഇവർ രംഗത്തിറങ്ങിയിരിക്കുകയാണ്. ബി.ജെ.പിയുടെ അറിയപ്പെടുന്ന ഗോത്രവർഗ നേതാവും മുൻ എം.എൽ.എയുമായ ഹർഷദ് വാസവ പാർട്ടിയെ വെല്ലുവിളിച്ച് നന്ദോഡ് സീറ്റിൽ സ്വതന്ത്രനായി പത്രിക നൽകി. പട്ടികവർഗ മോർച്ച നേതാവായിരുന്ന വാസവ രണ്ടുതവണ നിയമസഭാംഗമായിരുന്നു. നർമദ ജില്ലയിലെ നന്ദോഡ് നിലവിൽ കോൺഗ്രസ് സീറ്റാണ്. ഇവിടെ ഡോ. ദർശന ദേശ്മുഖിനെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി തീരുമാനം വന്നതോടെയാണ് വാസവ ഇടഞ്ഞത്. പാർട്ടി പദവി രാജിവെച്ചാണ് ഇദ്ദേഹം വിമതവേഷമണിഞ്ഞത്.
''ഇവിടെയിപ്പോൾ ഒരു യഥാർഥ ബി.ജെ.പിയും വ്യാജ ബി.ജെ.പിയുമുണ്ട്. പ്രതിബദ്ധതയുള്ള പ്രവർത്തകരെ തഴഞ്ഞ് പുതിയവർക്ക് പരിഗണന നൽകുന്ന വ്യാജന്മാരെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടും'' -പത്രിക സമർപ്പണത്തിനുശേഷം വാസവ മാധ്യമങ്ങളോടു പറഞ്ഞു.
വഡോദര ജില്ലയിലാണ്, ടിക്കറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ് എം.എൽ.എ മധു ശ്രീവാസ്തവ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നത്. ആറുതവണ നിയമസഭയിലെത്തിയ ഇദ്ദേഹം കണ്ണുവെച്ച വഗോദിയ മണ്ഡലത്തിൽ അശ്വിൻ പട്ടേലാണ് പാർട്ടി സ്ഥാനാർഥി. ജില്ലയിലെ പഡ്ര മണ്ഡലത്തിൽ പോരിനിറങ്ങുമെന്ന് മുൻ ബി.ജെ.പി സാമാജികൻ സതീഷ് പട്ടേലും പ്രഖ്യാപിച്ചു. കോൺഗ്രസിൽനിന്ന് കൂറുമാറിയെത്തിയ അക്ഷയ് പട്ടേലാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
അപകടം മണത്ത ബി.ജെ.പി പ്രശ്നം പരിഹരിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി ഭാർഗവ് ഭട്ടും മന്ത്രിസഭാംഗം ഹർഷ് സംഗാവിയും കഴിഞ്ഞ ദിവസം വഡോദരയിലെത്തി പ്രവർത്തകരുമായി ചർച്ച നടത്തി. സതീഷ് പട്ടേലുമായി സംസാരിച്ച് തെറ്റിദ്ധാരണ നീക്കുമെന്ന് ഭാർഗവ് ഭട്ട് പറഞ്ഞു.
182ൽ 166 സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിസംബർ ഒന്നിനും അഞ്ചിനും ഗുജറാത്തിൽ വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.