ന്യൂഡൽഹി: കോൺഗ്രസിൽ സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ട് കലാപക്കൊടി ഉയർത്തിയവരും നെഹ്റുകുടുംബം അമരത്ത് തുടരണമെന്ന് വാദിക്കുന്നവരും തമ്മിലുള്ള ഉരസൽ മുറുകി.
ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ തുടങ്ങിയവർ നയിക്കുന്ന സംഘവും കോൺഗ്രസ് നേതൃത്വവും തമ്മിൽ ഒത്തുതീർപ്പുകൾക്ക് സാധ്യത മങ്ങിയിരിക്കുകയാണ്.
ഗുലാംനബിക്ക് രാജ്യസഭ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ജി-23 എന്ന് വിളിക്കപ്പെടുന്ന വിമത സംഘം നേതൃത്വത്തിനെതിരായ നിലപാടിന് മൂർച്ച കൂട്ടിയത്. ജമ്മുവിൽ പൊതുസമ്മേളനം നടത്തിയവർ നേതൃത്വശൈലിയെ വിമർശിച്ചു.
ഒപ്പം ഗുലാംനബി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. പശ്ചിമ ബംഗാളിലും അസമിലും ന്യൂനപക്ഷ സംഘടനകളുമായി ചേർന്ന് മുന്നണി ഉണ്ടാക്കിയത് വിമത നേതാക്കളിൽ ചിലർ നേതൃത്വത്തിനെതിരെ ആയുധമാക്കിയിരിക്കുകയാണ്.
പശ്ചിമ ബംഗാളിൽ ഐ.എസ്.എഫും അസമിൽ എ.ഐ.യു.ഡി.എഫുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെതിരെ ആനന്ദ് ശർമയാണ് വിമർശനം ഉയർത്തിയത്. കോൺഗ്രസ് പ്രവർത്തക സമിതിയിൽ ആലോചിക്കാതെയാണ് ഈ സഖ്യമെന്നും പാർട്ടിയുടെ ആശയങ്ങൾക്ക് വിരുദ്ധമാണ് തീരുമാനമെന്നുമാണ് ആരോപണം.
ബംഗാളിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ശക്തമായ തിരിച്ചടിയാണ് നൽകിയത്.
കോൺഗ്രസിൽനിന്ന് എല്ലാ ഗുണഫലങ്ങളും അനുഭവിച്ചശേഷം, ചില മോഹഭംഗങ്ങൾ ഉണ്ടായപ്പോൾ പാർട്ടിയെ അവമതിക്കുന്നവർ, തെരഞ്ഞെടുപ്പു കാലത്ത് പാർട്ടിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങാതെ ബി.ജെ.പിയിലേക്കു പോകാനുള്ള പുറപ്പാടിലാണെന്ന ആരോപണം അധീർ രഞ്ജൻ ഉന്നയിച്ചു. ആരോപണങ്ങൾക്ക് അധീർ രഞ്ജൻ നൽകിയത് പാർട്ടിയുടെ മറുപടിയാണെന്ന് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇതാകട്ടെ, വിമത സംഘത്തെ പ്രതിരോധത്തിലാക്കി. ജമ്മുവിൽ നടന്ന സമ്മേളനം, കത്തെഴുതിയവരിൽ 'ചിലർ' നടത്തിയതാണെന്നാണ് മുൻകേന്ദ്രമന്ത്രി എം. വീരപ്പമൊയ്ലി വിശദീകരിച്ചത്. നെഹ്റുകുടുംബത്തിനെതിരല്ല തങ്ങളെന്നും കത്തെഴുതിയ സംഘത്തിൽ ഉണ്ടായിരുന്ന മൊയ്ലി വിശദീകരിച്ചു.
കത്തെഴുത്തു സംഘത്തിൽ ഉണ്ടായിരുന്ന ശശി തരൂരും മറ്റും ഇപ്പോൾ മൗനത്തിലുമാണ്. ഇതിനിടെ ജമ്മുവിൽ കോൺഗ്രസ് പ്രവർത്തകർ ഗുലാംനബിയുടെ കോലം കത്തിച്ചു. പ്രതിരോധത്തിലായ ഗുലാംനബി, നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോകുമെന്നും, താൻ മോദിയെ പ്രശംസിക്കുകയല്ല ചെയ്തതെന്നുമുളള വിശദീകരണം അനൗദ്യോഗികമായി നൽകിയിട്ടുണ്ട്.
തക്കസമയത്ത് പരസ്യമായി വിശദീകരിക്കുമെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.