സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട പരാതികളിൽ കാലതാമസമുണ്ടാകരുതെന്ന് അലഹബാദ് ഹൈകോടതി

പ്രയാഗ് രാജ്: ശരിയായ വിദ്യാഭ്യാസം ലഭിക്കുക എന്നത് ഭരണഘടനയുടെ അനുഛേദം 21-എ അനുസരിച്ച് മൗലികാവകാശമാണെന്ന് അലഹബാദ് ഹൈക്കോടതി. എട്ടാം ക്ലാസ് വിദ്യാർഥിക്ക് സ്കൂളിൽ പ്രവേശനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

തനിഷ്ക് ശ്രീവാസ്തവ എന്ന വിദ്യാർഥിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ രാജേഷ് സിങ് ചൗഹാൻ, സുബാഷ് വിദ്യാർഥി എന്നിവരടങ്ങിയ ബെഞ്ചിന്‍റെ പരാമർശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പരാതികൾ ഉടനടി പരിഹരിച്ചു നൽകണമെന്നും ശ്രദ്ധിക്കാതെ കിടക്കുന്ന അവസ്ഥ ഉണ്ടാവരുതെന്നും കോടതി നിർദേശിച്ചു.

ലഖ്നോവിലെ ലാ മാർട്ടിയിനർ കോളജിൽ എട്ടാംക്ലാസിലേക്ക് താമസിച്ച് പഠിക്കാൻ റസിഡന്‍റ് സ്കോളറായി പ്രവേശനം നേടാൻ തനിഷ്ക് ശ്രീവാസ്തവ പരീക്ഷ എഴുതി പാസായിരുന്നു. എന്നാൽ അമ്മയുടെ അസുഖവും അച്ഛൻ സ്ഥലത്തില്ലാതിരുന്നതും കാരണം പ്രവേശനം എടുക്കേണ്ടിയിരുന്ന ദിവസം ശ്രീവാസ്തവക്ക് ചേരാൻ കഴിഞ്ഞില്ല. അതുകൊണ്ട് കുട്ടിയെ ദിവസവും വീട്ടിൽ നിന്ന് പോയിവരാൻ ഡേ സ്കോളറായി പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് പിതാവ് ഏപ്രിൽ 4ന് സ്കൂൾ മാനേജ്മെന്‍റിന് അപേക്ഷനൽകി. കൂടാതെ ഫീസുൾപ്പടെ മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കാൻ തയാറാണെന്നും പിതാവ് അറിയിച്ചിരുന്നു.

മാനേജിമെന്‍റിന്‍റെ ഭാഗത്തുനിന്നും ഏപ്രിൽ 18 വരെ ഒരു മറുപടിയും ലഭിക്കാത്തതിനെ തുടർന്ന് പിതാവ് കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചു. എന്നാൽ സ്ഥാപനം അൺ എയ്ഡഡ് സ്വകാര്യ സ്ഥാപനമായതിനാൽ സ്ഥാപനത്തിനെതിരായ റിട്ട് ഹർജി പരിഗണിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് ഹരജി തള്ളി. തുടർന്ന് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവിനെ ശരിവെച്ചകോടതി, സ്ഥാപനം കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിദ്യാർഥിയുടെ മാതാപിതാക്കൾക്ക് എത്രയും വേഗം കൈമാറണമായിരുന്നു എന്നും അങ്ങനെയെങ്കിൽ ഭരണഘടന അനുഛേദം 21-എ ഉറപ്പുനൽകുന്ന ശരിയായ വിദ്യഭ്യാസം നേടാൻ മറ്റൊരു സ്ഥാപനത്തിൽ പ്രവേശനം നേടാൻ കഴിയുമായിരുന്നെന്നും അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Receiving Proper Education Is A Fundamental Right Under Article 21A: Allahabad High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.