ബംഗളൂരു: പി.പി.ഇ കിറ്റ് അഴിമതിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ജോൺ മൈക്കിൾ ഡി കുൻഹ കമീഷൻ റിപ്പോർട്ട്. മുൻ ആരോഗ്യമന്ത്രി ബി.ശ്രീരാമലുവിനേയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് നിർദേശമുണ്ട്. കമ്പനികളിൽ നിന്നും നേരിട്ട് മൂന്ന് ലക്ഷം പി.പി.ഇ കിറ്റുകൾ വാങ്ങിയതിലാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പി.പി.ഇ കിറ്റുകൾ വാങ്ങിയതെന്നും അന്വേഷണ കമീഷൻ റിപ്പോർട്ടിലുണ്ട്.
2020 മാർച്ച് 18ലെ കണക്കുകൾ പ്രകാരം 12 ലക്ഷം പി.പി.ഇ കിറ്റുകളാണ് സംസ്ഥാനത്തിന് ആവശ്യമുണ്ടായിരുന്നത്. 2020 ഏപ്രിൽഒന്നിന് വിലനിർണയ സമിതി യോഗം ചേർന്ന് പി.പി.ഇ കിറ്റൊന്നിന് 2117.53 രൂപ വില നിശ്ചയിച്ചു.
ഇതുപ്രകാരം മൂന്ന് കമ്പനികളിൽ നിന്നും ക്വട്ടേഷനും ക്ഷണിച്ചു. എന്നാൽ കമ്പനികളിൽ മുഴുവൻ നിയമങ്ങളും പാലിച്ചായിരുന്നില്ല ക്വട്ടേഷൻ ക്ഷണിച്ചത്. എന്നാൽ, പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യമന്ത്രിയും ഗ്ലോബൽ ടെൻഡർ വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നേരിട്ട് പി.പി.ഇ കിറ്റുകൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഏപ്രിൽ രണ്ടാം തീയതി 2117.53 രൂപക്ക് ഒരു ലക്ഷം പി.പി.ഇ കിറ്റുകൾ വാങ്ങി. പിന്നീട് രണ്ട് ചൈനീസ് കമ്പനികൾക്ക് കൂടി പി.പി.ഇ കിറ്റിന് ഓർഡർ നൽകി. ഇതിൽ ഒരു കമ്പനിക്ക് 2104.53 രൂപക്കും മറ്റൊന്നിനും 2049.84 രൂപക്കുമാണ് ഓർഡർ നൽകിയത്.
വിവിധ കമ്പനികൾക്ക് വ്യത്യസ്ത വിലക്ക് ഓർഡർ നൽകിയത് അംഗീകരിക്കാനാവില്ലെന്നും അന്വേഷണ കമീഷൻ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ചൈനീസ് കമ്പനികളിൽ നിന്നും പി.പി.ഇ കിറ്റുകൾ വാങ്ങുന്നതിന് മുമ്പ് ഇന്ത്യൻ കമ്പനിയിൽ നിന്നും കുറഞ്ഞ വിലക്ക് പി.പി.ഇ കിറ്റ് വാങ്ങിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.