സകിയ ജാഫരി കേസിൽ തിരുത്തൽ ഹരജി ആവശ്യം -സി.പി.എം

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യക്കിടയിൽ കോൺഗ്രസ് മുൻ എം.പി ഇസ്ഹാൻ ജാഫരിയെ ചുട്ടെരിച്ചതുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി വിധിയിൽ പിഴവുകളുണ്ടെന്നും തിരുത്തൽ ഹരജി നൽകേണ്ടതുണ്ടെന്നും സി.പി.എം. ഇരകളുടെ നീതിക്കുവേണ്ടി നിരന്തരം പോരാടിയ ടീസ്റ്റ സെറ്റൽവാദ്, ആർ.ബി ശ്രീകുമാർ തുടങ്ങിയവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും ഉടനടി മോചിപ്പിക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ടീസ്റ്റയുടെയും മറ്റും അറസ്റ്റ് ജനാധിപത്യബോധമുള്ളവർക്ക് നേരെയുള്ള ഭീഷണിയാണ്. കലാപത്തിൽ ഗുജറാത്ത് സർക്കാറിനുള്ള പങ്ക് ചോദ്യം ചെയ്യരുതെന്ന ഭീഷണി അതിലുണ്ട്. ചോദ്യം ചെയ്യപ്പെടേണ്ട സുപ്രീംകോടതി വിധി ഉപയോഗപ്പെടുത്തിയാണ് ഗുജറാത്ത് ഭരണകൂടത്തിന്റെ നടപടി. പരാതിക്കാരെ പ്രതികളാക്കുന്നതാണ് സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധി. കോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാൽ അതിനെതിരെ അപ്പീൽ നൽകാൻ പറ്റില്ലെന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.

സകിയ ജാഫരിയും ടീസ്റ്റ സെറ്റൽവാദും ചെയ്തപോലെ എസ്.ഐ.ടിക്കെതിരെ അപ്പീൽ പോയാൽ, അവർക്കെതിരെ കുറ്റം ആരോപിക്കാമെന്നായി. നീതിക്കു വേണ്ടി 16 വർഷം നീണ്ട പോരാട്ടത്തിൽ ദുരുദ്ദേശ്യം ആരോപിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. കലാപ സമയത്ത് ഗുജറാത്ത് സർക്കാറിനെ നയിച്ചവരെ നവനീറോയെന്ന് 2004ൽ കോടതിതന്നെയാണ് വിശേഷിപ്പിച്ചത്. ഇത്തരം കാര്യങ്ങളൊന്നും ഇപ്പോഴത്തെ വിധിയിൽ കണക്കിലെടുത്തിട്ടില്ല. പകരം, നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ടീസ്റ്റയെപ്പോലുള്ളവരെ ശിക്ഷിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതത്രയും തിരുത്തൽ ഹരജിക്ക് മതിയായ കാരണങ്ങളാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Rectification petition needed in Sakiya Jaffery case -CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.