കനത്ത മഴയിൽ മുംബൈയിലെ റോഡുകളിൽ വെള്ളം കയറിയപ്പോൾ

ആറ് മണിക്കൂറിൽ 300 എം.എം മഴ; വെള്ളക്കെട്ടിൽ മുങ്ങി മുംബൈ നഗരം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുംബൈ: ചൊവ്വാഴ്ച പുലർച്ചെ ഒന്നു മുതൽ ഏഴ് മണി വരെ പെയ്ത അതിതീവ്ര മഴയേത്തുടർന്ന് മുംബൈയിൽ ജനജീവിതം സ്തംഭിച്ചു. ആറ് മണിക്കൂറിനിടെ 300 മില്ലിമീറ്റർ മഴയാണ് പെയ്തത്. നഗരത്തിലെ മിക്ക റോഡുകളിലും റെയിൽവേ ട്രാക്കിലും തിങ്കളാഴ്ച തന്നെ വെള്ളം കയറിയിരുന്നു. മഴ ശക്തമായതോടെ വിമാന സർവീസുകളും നിർത്തിവച്ചു. മുംബൈ, പുണെ, താനെ, റായ്ഗഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പു നൽകിയ കാലാവസ്ഥ വകുപ്പ് മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സബർബൻ ട്രെയിൻ സർവീസ് മുടങ്ങിയത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ വലിയ തോതിൽ ബാധിക്കും. ദിവസേന 30 ലക്ഷത്തോളം പേർ ആശ്രയിക്കുന്ന യാത്രാ സംവിധാനമാണിത്. കനത്ത മഴയും വെളിച്ചക്കുറവുമാണ് വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായത്. ഇന്ന് രാവിലെ മാത്രം അമ്പതോളം സർവീസുകൾ റദ്ദാക്കി. റോഡിൽ വെള്ളം കയറിയതോടെ ബസ് സർവീസുകളും മുടങ്ങി.

റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മുംബൈക്ക് പുറമെ രത്നഗിരി, റായ്ഗഡ്, സത്താറ, പുണെ, സിന്ധുദുർഗ് ജില്ലകളിലാണ് റെഡ് അലർട്ട്. താനെ, പാൽഘർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടുമുണ്ട്. മഴ കനത്ത സാഹചര്യത്തിൽ മുംബൈയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

Tags:    
News Summary - Red Alert In Mumbai, Schools To Remain Shut Due To Heavy Rainfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.