“അരാക്കനിൽ കഴിയുന്ന ഉമ്മയും ഉപ്പയും ഒമ്പതു സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന് എന്നും രാവിലെ സുരക്ഷിതരാണോ എന്നന്വേഷിച്ചു സന്ദേശമയക്കാറുണ്ട്. അവര്‍ സുരക്ഷിതരാണെന്ന് മറുപടിയും വരും. ഇങ്ങനെ എത്രനാള്‍? ആർക്കും ഒരുറപ്പുമില്ല. ഏതുനിമിഷവും അവര്‍ ആക്രമിക്കപ്പെേട്ടക്കാം.’’ ഡല്‍ഹിയിലെ വാടകമുറിയിലിരുന്നു മാഉങ് അബ്ദുൽ ഖാന് എന്ന 29കാരന് ഇതുപറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നനഞ്ഞിരുന്നോ എന്നുനോക്കാൻ പോലും ധൈര്യമുണ്ടായില്ല. കശ്മീര്‍ മുതല്‍ ഇങ്ങ് കേരളംവരെ ഇന്ത്യയുടെ പല കോണുകളില്‍ ജീവിക്കുന്ന ആയിരക്കണക്കിന് റോഹിങ്ക്യന്‍ അഭയാർഥികള്‍ ഇതും ഇതിലും ഭയാനകമായ അനുഭവങ്ങളുമായി ജീവിക്കുന്നവരാണ്. പട്ടിണിയും രോഗങ്ങളും ഭീഷണിയുമൊക്കെയായി നരകിച്ച ജീവിതം. ദുരിതങ്ങൾക്കുമേൽ ജീവിക്കുന്ന ഇൗ നഷ്ടജന്മങ്ങൾക്കുമേൽ പതിച്ച ഇടിത്തീയായിരുന്നു കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം.
വീടുകള്‍ കലാപകാരികള്‍ തീയിട്ടപ്പോള്‍ ജീവനും കൊണ്ടോടിയ റോഹിങ്ക്യൻ അഭയാര്‍ഥികള്‍ രക്ഷതേടിയെത്തിയത് അഭയാര്‍ഥികള്‍ക്കുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയുടെ ഡല്‍ഹിയിലെ ഓഫിസിനു മുന്നില്‍. ഇവരെ തിരിഞ്ഞുനോക്കാന്‍ തയാറാകാതിരുന്ന അധികൃതരുടെ അലംഭാവം കുട്ടികളും സ്ത്രീകളുമടക്കം നിരാലംബരായ ഒരുകൂട്ടം മനുഷ്യരെ ഒരു രാപ്പകല്‍ മുഴുവന്‍ തെരുവോരത്ത് പട്ടിണിക്കിട്ട് നരകിപ്പിച്ച ദിവസങ്ങൾ. അവര്‍ക്കു തങ്ങളാല്‍ കഴിയുന്നവിധം ഭക്ഷണവും വെള്ളവുമെത്തിക്കാന്‍ പാടുപെടുന്ന ചെറുപ്പക്കാര്‍ക്കിടയിലാണ് ആദ്യമായി അബ്ദുല്‍ ഖാനെ കാണുന്നത്. ഇവരുടെ ഇടപെടലിന്റെ ഫലമായി ഈ ദുരിത ജീവിതങ്ങളെ പിന്നീട് ഹൈദരാബാദിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറ്റുകയുണ്ടായി. മ്യാന്മർ സൈന്യത്തിന്റെയും വംശീയവാദികളുടെയും ആക്രമണം രൂക്ഷമായ 2012ലാണ് മ്യാന്മറിലെ സർവകലാശാലയിൽനിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദപഠനം പൂര്‍ത്തിയാക്കിയ ഖാന് സുഹൃത്തുക്കളോടൊപ്പം ബംഗ്ലാദേശ് അതിര്‍ത്തി കടക്കുന്നത്. അവിടെ അധ്യാപകനായി ജോലിനോക്കുകയായിരുന്നു അതുവരെ. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക എന്നതാണ് വംശീയവാദികളുടെ ശൈലിയെന്ന് ഖാന് പറയുന്നു. ആക്രമണം ഭയന്നാണ് നാടുവിട്ടത്. രണ്ടു മലഞ്ചരിവുകള്‍ കടന്നു, പുഴയും മുറിച്ച് കടന്നുവേണമായിരുന്നു ബംഗ്ലാദേശ് അതിര്‍ത്തിയിലെത്താന്‍. വഴിയിലുടനീളം താൻ പഠിപ്പിച്ച വിദ്യാർഥികൾ സഹായത്തിനെത്തിയതായി ഖാൻ ഒാർക്കുന്നു. ഇന്ത്യയിലെത്തിയ അബ്ദുല്‍ ഖാന് പക്ഷേ, കുറിയ ശരീര പ്രകൃതി കാരണം മിക്ക തൊഴിലുകളും നിരസ്സിക്കപ്പെട്ടു.
മ്യാന്മറിൽ അബ്ദുൽ ഖാന്റെ കുടുംബം ജീവിക്കുന്ന ഗ്രാമത്തില്‍ ഇപ്പോള്‍ സൈന്യത്തിന്റെ ഭീഷണി നിലവിലില്ല. എന്നാലും ഏതുനേരവും ഉണ്ടായേക്കാവുന്ന ആക്രമണഭീതിയില്തന്നെയാണ് അവര്‍ കഴിയുന്നത്. അവര്‍ക്ക് രക്ഷപ്പെടാനുള്ളതാകട്ടെ കൊടും മലമ്പാതകളും. ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാർഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ലേണിങ് സെൻററിന്റെ അധ്യക്ഷനാണ് ഇൗ ചെറുപ്പക്കാരൻ. നൂറ്റാണ്ടുകളായി തങ്ങള്‍ ജീവിച്ച അരാക്കൻ മണ്ണില്‍ റോഹിങ്ക്യന്‍ ജനതക്ക് ആദ്യമായി പൗരത്വം നഷ്ടപ്പെടുന്നത് 1982 ലാണ്. കടുത്ത വംശീയ വിവേചനത്തിന് ഇരയായിത്തീര്‍ന്ന അവര്‍ക്ക് ജോലി നിഷേധിക്കപ്പെട്ടു. അവരുടെ യാത്രകള്‍ക്കു നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തപ്പെട്ടു. പൗരത്വമില്ലാത്ത നാട്ടില്‍ നിരോധിത പൗരന്മാരായി ജീവിതം കഴിച്ചുകൂട്ടാന്‍ പോലും അനുവദിക്കാതെ അവരെ പിന്നീടങ്ങോട്ട് കൊന്നൊടുക്കുകയായിരുന്നു വംശവെറിയന്മാരായ സൈനിക ഭരണകൂടം. പിന്നീടുവന്ന ജനാധിപത്യ സര്‍ക്കാറിനും അടിസ്ഥാന നയങ്ങളില്‍ മാറ്റമൊന്നും ഉണ്ടായില്ല. കടുത്ത പീഡനത്തില്‍നിന്നു രക്ഷതേടി അവര്‍ പല വഴികള്‍ അലഞ്ഞു. ചിലര്‍ കടല്‍ കടന്നപ്പോള്‍ ബഹുഭൂരിഭാഗവും കാടും മലകളും താണ്ടി കരമാര്‍ഗം ബംഗ്ലാദേശിലെത്തി. എട്ടുമാസമേ അബ്ദുല്‍ ഖാൻ ബംഗ്ലാദേശില്‍ കഴിഞ്ഞുള്ളൂ. ബംഗാളി ഭാഷയറിയാത്തവര്‍ക്ക് അവിടെ ജീവിതം ദുഷ്കരമാകുമെന്ന് തിരിച്ചറിഞ്ഞ അവര്‍ ഏക കരമാര്‍ഗമായ ഇന്ത്യയിലേക്ക് കടന്നു.
ആദ്യ ബിരുദ വിദ്യാർഥി
മഴ പെയ്തുമാറിയ ഡല്‍ഹി വൈകുന്നേരങ്ങളില്‍ ഒന്നിലാണ് ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിനടുത്ത റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ പോകുന്നത്. ദാറുസ്സലാം എന്നെഴുതിയ ബോര്‍ഡ് ദിശകാട്ടിയ വഴിയിലൂടെ കുറെ നടന്നുവേണം നാൽപതോളം റോഹിങ്ക്യന്‍ കുടുംബങ്ങള്‍ ജീവിക്കുന്ന ക്യാമ്പിലെത്താന്‍. മരത്തൂണുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ മേല്‍ക്കൂരയാക്കി ജീവിക്കുന്ന ചെറുകൂരകളാണ് എല്ലാം. അവിടെ വെച്ചാണ് അലി ജോഹര്‍ എന്ന മിടുക്കനെ കണ്ടുമുട്ടുന്നത്. ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ ബിരുദ വിദ്യാർഥിയാണ് ജോഹര്‍. ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്ഥികളിലെ ആദ്യ ബിരുദ വിദ്യാര്‍ഥി. കടയും വീടുമായി തിരിച്ച ആ രണ്ടുമുറി കൂരയില്‍ ആണ് ജോഹറിന്റെ മാതാപിതാക്കള്‍ അടക്കം താമസിക്കുന്നത്. പഠിക്കാന്‍ മിടുക്കനായ ജോഹറിനെ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം പഠനത്തിനായി ബംഗ്ലാദേശിലെക്കയച്ചു. പരീക്ഷയില്‍ നാലാം റാങ്ക് നേടിയ തന്റെ മകനു നേരെ വംശീയാതിക്രമം ഉണ്ടാകുമെന്ന് ഭയപ്പെട്ടാണ് പിതാവ് അങ്ങനെ മറുനാട്ടിലേക്ക് വിടാൻ തീരുമാനിച്ചത്. എന്നാല്‍, ഒരു വര്‍ഷം തികയുമ്പോഴേക്കും പിതാവ് നാട്ടില്‍ അറസ്റ്റിലായി. അതോടെ, കുടുംബച്ചെലവുകൾ ഏറ്റെടുക്കാൻ നിർബന്ധിതനായി. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ബംഗ്ലാദേശിൽ ഒരു ചായക്കടയിൽ ജോലിനോക്കി. അവിടെനിന്ന് പരിചയപ്പെട്ട ഒരു വയോധികന് അവന്റെ പ്രായസങ്ങൾ അറിഞ്ഞു. തന്റെ െചലവില്‍ അവനെ വീണ്ടും പഠനത്തിനു വിട്ടു.
കൺമുന്നില് കണ്ട ദൈവമായിരുന്നു ആ മനുഷ്യനെന്ന് ജോഹര്‍ പറയുന്നു. ഭാഷാപരമായി വേര്‍തിരിക്കപ്പെട്ട ബംഗ്ലാദേശില്‍ ബംഗാളി ഭാഷ അറിയാതെ അധികം നാള് പിടിച്ചുനില്ക്കാന് കഴിയുമായിരുന്നില്ല. അങ്ങനെ 2012ല്‍ ഇന്ത്യയിലേക്ക് കടന്നു. വളരെ വൈകാതെതന്നെ കുടുംബവും നാട്ടില്‍നിന്നു പലായനംചെയ്തു ഇന്ത്യയിലെത്തി. പിന്നീട് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ വിദ്യാർഥിയാണ് ജോഹര്‍. തെൻറ കൂടെയുള്ള മറ്റ് അഭയാര്‍ഥി കുടുംബങ്ങളിലെയും കുട്ടികളുടെ പഠനത്തിനായി ചെറുതല്ലാത്ത ശ്രമങ്ങള്‍ നടത്തിയ േജാഹർ ഇന്ന് അന്താരാഷ്ട്രതലത്തിൽ മ്യാന്മറിനെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുന്ന യുവ നേതാവാണ്. 2013 മുതല്‍ ജോഹര്‍ ഐക്യരാഷ്്ട്ര സഭയുടെ അഭയാര്‍ഥി പദ്ധതികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പദ്ധതിയുടെ അധ്യക്ഷന്‍കൂടിയാണ്. റോഹിങ്ക്യന്‍ റെഫ്യൂജീ കമ്മിറ്റിയുടെ സെക്രട്ടറിയുമാണ്. ഇന്ന് ഭുവനേശ്വരില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ യൂത്ത് സമ്മിറ്റില്‍ മ്യാന്മറിനെ പ്രതിനിധാനം ചെയ്യുന്നവരില്‍ ഇൗ ചെറുപ്പക്കാരനുമുണ്ട്. ജലം കിട്ടാക്കനിയായ കാളിന്ദി കുഞ്ചിലെ ആ കൂരയില്‍ പരിമിതികളിലും അവൻ ഞങ്ങളെ ആവോളം സല്ക്കരിച്ചു. ക്യാമ്പിലെ കുട്ടികളില്‍ ചിലര്‍ അടുത്ത പ്രൈമറി സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. അവരുടെ ഉപരിപഠനം സംബന്ധിച്ച ആശങ്കകളും ജോഹര്‍ പങ്കുവെച്ചു. മ്യാന്മറിലേക്ക് തിരിച്ചയക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നല്കിയ കേസില്‍ ഈ ക്യാമ്പിലെ സലീമും കക്ഷിയാണ്.
മാറുന്ന ഇന്ത്യന്‍ സമീപനങ്ങള്‍
ഇന്ത്യയില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന അനുകമ്പയുടെയും സഹാനുഭൂതിയുടെയും സമീപനങ്ങള്‍ മാറിത്തുടങ്ങിയെന്ന് അബ്ദുല്‍ ഖാന് പറയുന്നു. ജമ്മുവില്‍ അഭയാര്‍ഥികള്‍ക്കുനേരെ കടുത്ത അക്രമങ്ങള്‍ നടക്കുന്നു. അവരുടെ കുടിലുകള്‍ തീവെച്ചുനശിപ്പിക്കുന്നു. കഴിഞ്ഞമാസമാണ് ഡല്‍ഹിയില്‍ ഒരു റോഹിങ്ക്യന്‍ ബാലനെ വെടിവെച്ചുകൊന്നത്. റോഹിങ്ക്യന്‍ പെണ്‍കുട്ടി പുറമെനിന്നുള്ളവരാൽ പീഡിപ്പിക്കപ്പെട്ടതും കഴിഞ്ഞ മാസമാണ്. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഇപ്പോള്‍ ജോലിപോലും നിരസിക്കപ്പെടുന്നു. നിങ്ങള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരാണ്. അതിനാല്‍, ജോലി നല്കാന് സാധ്യമെല്ലന്നാണു പലരുടെയും നിലപാട്. പുറത്തിറങ്ങുമ്പോള്‍ പലപ്പോഴും റോഹിങ്ക്യന്‍ ആണെന്ന കാര്യം മറച്ചുവെക്കാന്‍ നിര്‍ബന്ധിതനാവുകയാണ് താനെന്നു ഡല്‍ഹിയില്‍ കമ്യൂണിറ്റി ലേണിങ് സെൻററില്‍ ജോലിചെയ്യുന്ന അബ്ദുൽ ഖാന് പറയുന്നു. ഇതിനെല്ലാം പുറമെയാണ് ഇവരെ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീട്ടൂരം. ജോഹറും അബ്ദുൽ ഖാനും ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി കാര്‍ഡ് കൈവശമുള്ളവരാണ്. എന്നാല്‍, ജമ്മു മുതല്‍ ഡല്‍ഹി, ഹരിയാന, ഹൈദരാബാദ്, ചെന്നൈ തുടങ്ങി ഇന്ത്യയുടെ പലഭാഗങ്ങളിലായി കഴിയുന്ന അയ്യായിരത്തോളം പേരില്‍ ഭൂരിഭാഗവും അത്തരം രേഖകള്‍ ഒന്നുമില്ലാത്തവരാണ്.
ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച് കാലങ്ങളായി ഇവിടെ ജീവിക്കുന്ന തങ്ങളെ എന്തിനാണ് തിരിച്ചയക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു. തങ്ങളെ ഒരിക്കലും മ്യാന്മര് സര്‍ക്കാര്‍ അംഗീകരിക്കുകയും സ്വീകരിക്കുകയുമില്ല. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ അഭയാര്‍ഥികളായ രണ്ടു പേര് നല്കിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.സുപ്രീംകോടതി തങ്ങള്‍ക്കനുകൂലമായി വിധിപറയുമെന്ന പ്രത്യാശയിലാണവര്‍. ഭൂപടത്തില്‍നിന്നു ആസൂത്രിതമായി തുടച്ചുമാറ്റപ്പെടുന്ന നിസ്സഹായരായ ജനതയോട് ഇന്ത്യന്‍ ഭരണകൂടം പുലര്‍ത്തുന്ന ക്രൂര നിലപാടിനെ പരമോന്നത നീതിപീഠം തിരുത്തുമെന്ന് പ്രതീക്ഷിക്കാനും പ്രത്യാശിക്കാനും മാത്രമേ തരമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.