ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ ചേർന്ന തീരുമാനത്തിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആർട്ടിക്കിൾ-14ന് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണിൻെറ തുറന്നുപറച്ചിൽ.
ആം ആദ്മി പാർട്ടിയോടൊപ്പം താങ്കൾ രാഷ്ട്രീയത്തിലും ചേർന്നിരുന്നല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'അതെ, അതാണ് ഞാൻ ഖേദിക്കുന്ന ഒരു കാര്യം. ഇന്ത്യ എഗെയിൻസ്റ്റ് കറപ്ഷൻ മൂവ്മെൻറിനെ മുന്നോട്ടു കൊണ്ടുപോയത് ബി.ജെ.പിയും ആർ.എസ്.എസുമായിരുന്നു. സൂക്ഷ്മമായി നിരീക്ഷിക്കാത്തതിനാൽ അത് തിരിച്ചറിയാൻ എനിക്കായില്ല.
എന്നാൽ, പിന്നീട് അത് വ്യക്തമായി. നിർഭാഗ്യവശാൽ ആ പ്രസ്ഥാനം പരോക്ഷമായി നരേന്ദ്ര മോദിയുടെ ഉയർച്ചയിലേക്ക് നയിച്ചു, കാരണം അത് കോൺഗ്രസിനെ നശിപ്പിച്ചു. രാജ്യത്തിനും ജനാധിപത്യത്തിനും നമ്മുടെ മുഴുവൻ സംസ്കാരത്തിനും വലിയ ഭീഷണിയായി ഉയർന്നുവന്ന ബി.ജെ.പിക്കും മോദിക്കും അധികാരത്തിലെത്താനും ഇത് സഹായിച്ചു'. -അദ്ദേഹം പറയുന്നു.
സ്വന്തം രാഷ്ട്രീയ കാരണങ്ങൾക്ക് വേണ്ടി ബി.ജെ.പിയും ആർ.എസ്.എസും അതിനെ മുന്നോട്ടുകൊണ്ടുപോകുന്നത് കാണാനാകാത്തതിൽ, ആ അർത്ഥത്തിൽ ഞാൻ ഖേദിക്കുന്നു. രണ്ടാമതായി, അരവിന്ദ് കെജ്‌രിവാളിനെ നേരത്തെ മനസ്സിലാക്കാൻ സാധിക്കാത്തതിലും ഖേദിക്കുന്നു. അദ്ദേഹം തീരെ മനസ്സാക്ഷിയില്ലാത്തയാളും എന്ത് മാർഗവും ഉപയോഗിക്കാൻ മടിയില്ലാത്തയാളുമാണെന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്. അതും ഞാൻ നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നു -പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.