പിലിബിത്ത്: ബി.ജെ.പി ലോക്സഭ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പിലിബിത്ത് മണ്ഡലത്തിലെ ജനങ്ങൾക്ക് വൈകാരിക കത്തെഴുതി സിറ്റിങ് എം.പി വരുൺ ഗാന്ധി. പിലിബിത്തുമായുള്ള തന്‍റെ ബന്ധം അവസാന ശ്വാസം വരെ തുടരുമെന്ന് വരുൺ ഗാന്ധി കത്തിൽ വ്യക്തമാക്കി.
‘എം.പി എന്ന നിലയിലുള്ള കാലാവധി അവസാനിക്കാറുണ്ടെങ്കിലും പിലിബിത്തുമായുള്ള എന്‍റെ ബന്ധം അവസാന ശ്വാസം വരെ തുടരും. ഒരു എം.പി എന്ന നിലയിലല്ലെങ്കിൽ, ഒരു മകനെന്ന നിലയിൽ, എന്‍റെ ജീവിതത്തിലുടനീളം നിങ്ങളെ സേവിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. എന്‍റെ വാതിലുകൾ എല്ലായ്പോഴും നിങ്ങൾക്കായി തുറന്നിരിക്കും.
1983ൽ മാതാവിന്‍റെ വിരലിൽ പിടിച്ച് മൂന്നു വയസുള്ള ഒരു ചെറിയ കുട്ടി ആദ്യമായി പിലിബിത്തിൽ എത്തിയത് ഞാൻ ഓർക്കുന്നു. ഒരു ദിവസം ഈ ഭൂമി തന്‍റെ ജോലിസ്ഥലമാകുമെന്നും ഇവിടത്തെ ജനങ്ങൾ തന്‍റെ കുടുംബമാകുമെന്നും അയാൾ എങ്ങനെ അറിഞ്ഞു?
സാധാരണക്കാരന്‍റെ ശബ്ദമുയർത്താനാണ് ഞാൻ രാഷ്ട്രീയത്തിൽ വന്നത്. എന്ത് വിലകൊടുത്തും ഈ പ്രവർത്തനം എപ്പോഴും തുടരാൻ ഞാൻ നിങ്ങളുടെ അനുഗ്രഹം തേടുന്നു. ഞാനും പിലിബിത്തും തമ്മിലുള്ളത് സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും ബന്ധമാണ്. അത് ഏത് രാഷ്ട്രീയ യോഗ്യതക്കും അതീതമാണ്’-വരുൺ ഗാന്ധി ചൂണ്ടിക്കാട്ടി.
വരുൺ ഗാന്ധിക്ക് പകരം യു.പിയിലെ പൊതുമരാമത്ത് മന്ത്രി ജിതിൻ പ്രസാദയെയാണ് ബി.ജെ.പി പിലിബിത്തിലെ സ്ഥാനാർഥിയാക്കിയത്. ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെ വരുണിനെ കോൺഗ്രസിലേക്ക് അധിർ രഞ്ജൻ ചൗധരി ക്ഷണിക്കുകയും ചെയ്തു. മുൻകാലങ്ങളിൽ വിഷംതുപ്പുന്ന വർഗീയ പ്രസംഗങ്ങൾ നടത്തിയിരുന്നതാണ് വരുണിന്‍റെ കോൺഗ്രസ് പ്രവേശനം തടസമായത്. അതേസമയം, വരുണിന്‍റെ മാതാവും സിറ്റിങ് എം.പിയുമായ മേനക ഗാന്ധി ബി.ജെ.പി ടിക്കറ്റിൽ സുൽത്താൻ പൂരിൽ സ്ഥാനാർഥിയാണ്.
കേന്ദ്ര, സംസ്ഥാന സർക്കാറുകളെ വിമർശിച്ചതാണ് വരുൺ ഗാന്ധി ബി.ജെ.പിയുടെ കണ്ണിലെ കരടാകാനും നീരസത്തിനും പ്രധാന കാരണം. 2021ലെ ലഖിൻപുർ സംഭവത്തിലും രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നതിലും വരുൺ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
തന്റെ പിതാവിന്റെ പേരിലുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ഒരു രോഗി മരിച്ചതിന്റെ പേരിൽ യോഗി ആദിത്യനാഥ് സർക്കാർ ആശുപത്രിയുടെ പ്രവർത്തനം സസ്പെൻഡ് ചെയ്തതിലും വരുൺ എതിർപ്പുന്നയിച്ചിരുന്നു. അടുത്ത കാലത്തായി ബി.ജെ.പിയുടെ പരിപാടികളിലും ഇദ്ദേഹം സജീവമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.