കശ്മീർ ആക്ടിവിസ്റ്റ് ഖുറം പർവേസിനെ മോചിപ്പിക്കണമെന്ന് ഇന്ത്യയോട് യു.എൻ

ന്യൂഡൽഹി: യു.എ.പി.എ ചുമത്തി എൻ.ഐ.എ അറസ്റ്റ് ചെയ്ത കശ്മീർ മനുഷ്യാവകാശ പ്രവർത്തകന്‍ ഖുറം പർവേസിനെ ഉടന്‍ മോചിപ്പിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ വിദഗ്ധർ. പർവേസ് അറസ്റ്റിലായി ഒരു മാസം കഴിഞ്ഞിട്ടും അദ്ദേഹത്തിന് സ്വാതന്ത്ര്യം നൽകാത്തത്, മനുഷ്യാവകാശ പ്രവർത്തകന്‍ എന്ന നിലയിൽ പർവേസ് നടത്തിയ നിയമാനുസൃത പ്രവർത്തനങ്ങളോടും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള തുറന്ന സംസാരങ്ങളോടുമുള്ള പ്രതികാരമായാണ് തോന്നുന്നതെന്നും അദ്ദേഹത്തിന്‍റെ കാര്യത്തിൽ ആശങ്കാകുലരാണെന്നും യു.എൻ മനുഷ്യാവകാശ വിദഗ്ധർ പ്രസ്താവനയിൽ പറഞ്ഞു.

നവംബർ 22ന് അറസ്റ്റിലായ പർവേസ് രോഹിണി ജയിലിൽ തടവിൽ കഴിയുകയാണ്. ജമ്മു കശ്മീർ ഏകീകരണ സിവിൽ സൊസൈറ്റിയുടെ പ്രോഗ്രാം കോ-ഓർഡിനേറ്ററായ ഖുറം പർവേസിന് 2006ൽ റീബോക്ക് ഹ്യൂമൻ റൈറ്റ്‌സ് അവാർഡ് ലഭിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിലേതടക്കം, രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പൗരന്മാരുടെ മൗലിക സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന രീതിയിലാണ് യു.എ.പി.എ നിയമത്തെ ഇന്ത്യന്‍ സർക്കാർ ഉപയോഗിക്കുന്നതെന്ന് യു.എൻ കുറ്റപ്പെടുത്തി. മനുഷ്യാവകാശങ്ങൾക്ക് അനുസൃതമായി നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരാന്‍ സർക്കാരിനോട് യു.എൻ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ 1963ൽ ജവഹർലാൽ നെഹ്‌റുവിന്‍റെ ഭരണകാലത്തെ ദേശീയോദ്ഗ്രഥന കൗൺസിലിന്‍റെ ശിപാർശ പ്രകാരം നടപ്പാക്കിയ ഭരണഘടനാ ഭേദഗതിയിൽ നിന്നാണ് യു.എ.പി.എ ഉടലെടുക്കുന്നത്. 1967ൽ ഇന്ദിര ഗാന്ധിയാണ് യു.എ.പി.എ ഒരു നിയമമായി ഇന്ത്യയിൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സ‍ർക്കാരിന് പൂർണ്ണ അധികാരം നൽകുന്ന യു.എ.പി.എക്ക് 2004ൽ വന്ന ഭേദഗതിയോടെ ഭീകരവാദ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അധികാരവും ലഭിച്ചു.

മുൻപ് ടാഡയിലും (ടെററിസ്റ്റ് ആന്‍ഡ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്-1985) പോട്ടയിലും (പ്രിവെന്‍ഷന്‍ ഓഫ് ടെററിസം ആക്ട്-2002) ഉൾപ്പെട്ടിരുന്ന നിരവധി വകുപ്പുകൾ ഉൾച്ചേർത്താണ് 2004ലെ മൻമോഹൻ സിങ്ങിന്‍റെ സർക്കാർ യു.എ.പി.എയെ പുന:രാവിഷ്കരിച്ചത്. രാജ്യസുരക്ഷയും ദേശീയോദ്ഗ്രഥനവും ലക്ഷ്യമാക്കിയാണ് യു.എ.പി.എ നിലവിൽ വന്നതെങ്കിലും ഇന്ന് എതിർ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂട ആയുധമായി ഈ നിയമം മാറിയിട്ടുണ്ട്. 

Tags:    
News Summary - Release Kashmiri activist Khurram Parvez, say UN rights experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.