ന്യൂഡൽഹി: വ്യാജ തിരിച്ചറിയൽ കേസിൽ അറസ്റ്റിൽ നിന്ന് മുൻ ട്രെയിനി ഐ.എ.എസ് ഓഫിസർ പൂജ ഖേദ്കറിന് ഡൽഹി ഹൈകോടതി സംരക്ഷണം നൽകി. പൂജ ഖേദ്കറെ ആഗസ്റ്റ് 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി ഡൽഹി പോലീസിനോട് നിർദേശിച്ചു.
മുൻകൂർ ജാമ്യം തേടി പൂജ ഖേദ്കർ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഉത്തരവ് പുറപ്പെടുവിച്ചത്. യൂനിയൻ പബ്ലിക് സർവീസ് കമ്മീഷന് (യു.പി.എസ്.സി) നൽകിയ പരീക്ഷ അപേക്ഷയിൽ വസ്‌തുതകൾ തെറ്റിദ്ധരിപ്പിക്കുകയും വളച്ചൊടിക്കുകയും ചെയ്‌തെന്നാണ് അവർക്കെതിരെയുള്ള ആരോപണം.
2023 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഖേദ്കർ, അവരുടെ പേര്, അച്ഛന്റെയും അമ്മയുടെയും പേരുകൾ, അവരുടെ ഫോട്ടോ, ഒപ്പ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം എന്നിവ ഉൾപ്പെടെയുള്ളവ വ്യാജമായി നൽകി ആനുകൂല്യങ്ങൾ നേടിയെന്നാണ് ആരോപണം.
ജൂലൈ 31ന് അവരുടെ ഐ.എ.എസ് യു.പി.എസ്.സി റദ്ദാക്കിയിരുന്നു.
നേരത്തേ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഡൽഹി കോടതി ഖേദ്കറിന് മുൻകൂർ ജാമ്യം നൽകാൻ വിസമ്മതിച്ചിരുന്നു. അഡ്വ. ബീനാ മാധവന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് പൂജ ഖേദ്കർക്കു വേണ്ടി വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.