ന്യൂഡൽഹി: മൂന്ന് അയൽപക്ക രാജ്യങ്ങളിലെ മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാനുള്ള നടപടി കൂടുതൽ മുന്നോട്ടു നീക്കിയതിലൂടെ പാർലമെൻറിനെയും സുപ്രീംകോടതിയേയും നോക്കുകുത്തിയാക്കി മോദിസർക്കാർ. പിൻവാതിൽ വഴി നടപ്പാക്കുന്നത് മതാടിസ്ഥാന പൗരത്വം. ഇത് പുതിയ നിയമയുദ്ധത്തിലേക്ക് നീങ്ങുന്നു.
ഭരണഘടനാ തത്ത്വങ്ങൾക്ക് വിരുദ്ധമായി, പൗരത്വത്തിന് മതം മാനദണ്ഡമാക്കിയതിലൂടെയാണ് മോദിസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം വിവാദമായത്. 2019ൽ പാർലമെൻറിൽ പാസാക്കിയെടുത്ത വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 140ഓളം ഹരജികൾ സുപ്രീംകോടതി മുമ്പാകെയുണ്ട്. അന്തിമ വാദത്തിനായി മാറ്റിയ ഹരജികൾ ഒന്നര വർഷമായി സുപ്രീംകോടതി പരിഗണനക്ക് എടുത്തിട്ടില്ല. ഈ ഹരജികളിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സുപ്രീംകോടതിയെ ബോധിപ്പിച്ചതിനു വിരുദ്ധമാണ് സർക്കാറിെൻറ പുതിയ ഉത്തരവ്.
നിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്ന് ഹരജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പാർലമെൻറ് പാസാക്കിയ നിയമം നടപ്പാക്കാൻ ആവശ്യമായ ചട്ടങ്ങൾ സർക്കാർ രൂപപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്േറ്റ ആവശ്യം സർക്കാർ എതിർത്തത്. അത് കോടതി അംഗീകരിക്കുകയും ചെയ്തു. പുതിയ ചട്ടം രൂപപ്പെടുത്താതെതന്നെ പൗരത്വ ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകൾ അതേപടി പിന്നാമ്പുറത്തുകൂടി മുന്നോട്ടു നീക്കുകയാണ് ഇപ്പോൾ. ഈ സാഹചര്യത്തിൽ പുതിയ വിജ്ഞാപനവും കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഹരജിക്കാർ.
ഇപ്പോഴത്തെ വിജ്ഞാപനവും മതാടിസ്ഥാന പൗരത്വം അനുവദിച്ച് പാർലമെൻറ് പാസാക്കിയ നിയമഭേദഗതിയും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. പഴയ വ്യവസ്ഥകളുടെ ചുവടുപിടിച്ച്, 11 വർഷം ഇന്ത്യയിൽ താമസിച്ചവർക്ക് പൗരത്വം നൽകാനാണ് വിജ്ഞാപനം നിർദേശിക്കുന്നത്.
അതേസമയം, 2014 ഡിസംബർ 31നകം ഇന്ത്യയിൽ എത്തിയ മുസ്ലിംകളല്ലാത്തവർക്കെല്ലാം പൗരത്വം നൽകാമെന്ന ഉദാരത കൂടി പാർലമെൻറ് പാസാക്കിയ നിയമത്തിൽ നൽകിയിട്ടുണ്ട്. 2009ൽ രൂപപ്പെടുത്തിയ ചട്ടങ്ങളിൽ പിന്നീട് മതാടിസ്ഥാന പൗരത്വ വ്യവസ്ഥകൾ 2016ലും 2018ലുമായി സർക്കാർ എഴുതിച്ചേർത്തിരുന്നു. അതനുസരിച്ച് പൗരത്വം നൽകുന്ന നടപടി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇപ്പോൾ. പാർലമെൻറ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് അനുസൃതമായി ചട്ടങ്ങൾ രൂപപ്പെടുത്തിയിട്ടില്ലെന്ന് വാദിക്കുകയും ചെയ്യുന്നു. പാർലമെൻറ് ഒരു നിയമഭേദഗതി പാസാക്കി കഴിഞ്ഞാൽ, അതിനനുസരിച്ച് പുതിയ ചട്ടങ്ങൾ ഉണ്ടാക്കാൻ കാത്തുനിൽക്കാതെ പഴയചട്ടങ്ങൾ മുന്നോട്ടുനീക്കുന്നത് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണ്.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാനുള്ള നടപടിയാണ് സർക്കാർ വിപുലപ്പെടുത്തിയത്. ഹിന്ദു, ക്രൈസ്തവ, സിഖ്, പാഴ്സി, ബുദ്ധ, ജൈന മതവിഭാഗങ്ങളിൽപെട്ടവർക്കാണ് പൗരത്വം നൽകുന്നത്. പുതിയ പൗരത്വ ഭേദഗതി നിയമമോ അതിലെ ഏതെങ്കിലും വ്യവസ്ഥകളോ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചാൽ, ഇക്കഴിഞ്ഞ ദിവസം ഇറക്കിയ വിജ്ഞാപനം അപ്രസക്തവും അസാധുവുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.