ന്യൂഡൽഹി: ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷസാധ്യത നിലനിൽക്കുന്നതിനാലാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. യാത്ര നടത്തുന്നവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.
വിദേശകാര്യമന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാളാണ് ഇക്കാര്യം പറഞ്ഞത്. മേഖലയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇറാനും ഇസ്രായേലും എയർസ്‍പേസ് തുറന്ന് നൽകിയിട്ടുണ്ട്. എന്നാൽ, ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരൻമാർ ജാഗ്രത പുലർത്തണം. എംബസിയുമായി പൗരൻമാർ ബന്ധപ്പെടുകയും ചെയ്യണമെന്ന് ജയ്സ്വാൾ നിർദേശിച്ചു.
നേരത്തെ ഇസ്രായേലിലുള്ള ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 14നായിരുന്നു എംബസിയുടെ നിർദേശം. ഇന്ത്യക്കാർക്കായി എമർജൻസി ഹെൽപ്പ്ലൈൻ നമ്പറും എംബസി നൽകിയിരുന്നു.
സിറയയിലെ ഇറാൻ കോൺസുലേറ്റിൽ ഇസ്രായേൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷസാധ്യത ഉടലെടുത്തത്. ഇതിന് മറുപടിയായി ഏപ്രിൽ 13ന് ഇസ്രായേലിലേക്ക് ഇറാൻ ഡ്രോണുകൾ അയച്ചു. തുടർന്ന് ഏപ്രിൽ 19ന് ഇറാനിലേക്ക് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തി. ഇതേതുടർന്ന് വിവിധ രാജ്യങ്ങൾ ഇസ്രായേലിലും ഇറാനിലുമുള്ള തങ്ങളുടെ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.