ഭോപാൽ: ഏറെ പ്രചാരണം നൽകിയ ‘ചീറ്റ പദ്ധതി’യുടെ ഭാഗമായി നമീബിയയിൽനിന്നും ദക്ഷിണാഫ്രിക്കയിൽനിന്നും കൊണ്ടുവന്ന ചീറ്റകൾ തുടർച്ചയായി ചത്തുകൊണ്ടിരിക്കെ അടിയന്തര പരിശോധനയുമായി കേന്ദ്ര സർക്കാർ. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ പാർപ്പിച്ച 20 ചീറ്റകളിൽ എട്ടെണ്ണത്തിന് ജീവൻ നഷ്ടമായതിനു പിന്നാലെ, ആറെണ്ണത്തിന്റെ റേഡിയോ കോളർ അധികൃതർ നീക്കി.
‘ആരോഗ്യപരിശോധന’യുടെ ഭാഗമായാണ് റേഡിയോ കോളർ നീക്കാൻ കുനോയിലെ വെറ്ററിനറി ഡോക്ടർമാരും നമീബിയയിൽനിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ വിദഗ്ധരും ചേർന്ന് തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. അതേസമയം, പരിശോധന നടത്തുന്നത് എന്തുകൊണ്ടാണെന്ന വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ മാർച്ചു മുതലിങ്ങോട്ട് അഞ്ചു ചീറ്റകളും മൂന്നു കുഞ്ഞുങ്ങളുമാണ് ചത്തത്.
ഇതേതുടർന്ന് വിഷയത്തിലിടപെട്ട സുപ്രീംകോടതി, ഇതൊരു നല്ല ലക്ഷണമല്ലെന്നും നാണക്കേട് വിചാരിച്ച് ഒന്നും ചെയ്യാതിരിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. വിവിധ സംരക്ഷണകേന്ദ്രങ്ങളിലേക്ക് ഇവയെ മാറ്റുന്ന കാര്യം ആലോചിക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.
കോളർ നീക്കിയ ആറു ചീറ്റകളുടെയും ആരോഗ്യനില മികച്ചതാണെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ മടിക്കുകയാണ്. അഞ്ചു ചീറ്റകളുടേത് സ്വാഭാവിക മരണമായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. റേഡിയോ കോളർ പോലുള്ളവ അണിയിപ്പിച്ചതുകൊണ്ടാണ് ചാവാൻ കാരണമെന്ന മാധ്യമവാർത്തകൾ അഭ്യൂഹപ്രചാരണമാണെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.