രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ 'ഖേൽ രത്ന'യിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കി ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്‍റെ പേര് നൽകിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എ.ഐ.സി.സി മാധ്യമ വക്താവ് ഷമ മുഹമ്മദ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിെൻറ പേര് ഒരു കായിക താരത്തിേൻറതാക്കി പുനർനാമകരണം ചെയ്യുകയാണെങ്കിൽ ഖേൽ രത്ന പേര് മാറ്റത്തിലും വിമർശനമുണ്ടാകില്ലെന്ന് ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു. അല്ലാത്ത പക്ഷം എല്ലാം രാഷ്ട്രീയ പകവീട്ടൽ മാത്രമാണെന്നും ഷമ മുഹമ്മദ് പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയായിരുന്നു ഖേൽ രത്നയുടെ പേര് മാറ്റം പ്രഖ്യാപിച്ചത്. ഇന്ത്യൻ ജനതയുടെ വികാരങ്ങൾ മാനിച്ചുകൊണ്ട് ഇനി ഖേൽരത്ന പുരസ്കാരം ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്‍റെ പേരിന് ശേഷം അറിയപ്പെടുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
1991-92 വർഷത്തിലാണ് ആദ്യമായി ഖേൽരത്ന പുരസ്കാരം ഏർപ്പെടുത്തിയത്. ചെസ് മാന്ത്രികൻ വിശ്വനാഥൻ ആനന്ദിനാണ് ആദ്യമായി പുരസ്കാരം ലഭിച്ചത്. ലിയാൻഡർ പേസ്, സചിൻ തെൻഡുൽക്കർ, ധൻരാജ് പിള്ള, പുല്ലേല ഗോപിചന്ദ്, അഭിനവ് ബിന്ദ്ര, അഞ്ജു ബോബി ജോർജ്, മേരി കോം, റാണി റാംപാൽ തുടങ്ങിയവരെല്ലാം ഖേൽരത്ന പുരസ്കാരം നേടിയിട്ടുണ്ട്.
25 ലക്ഷം രൂപയാണ് ഖേൽരത്ന പുരസ്കാരത്തിന്റെ സമ്മാനതുക. ഒളിമ്പിക്സ് പുരുഷ, വനിത ഹോക്കിയിൽ ഇന്ത്യ നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് ധ്യാൻ ചന്ദിന്‍റെ പേരിലേക്ക് പുരസ്കാരം മാറ്റുന്നത്. ഇരു ടീമുകളും ഒളിമ്പിക്സ് ഹോക്കി സെമിയിലെത്തിയിരുന്നു. ഇതിൽ പുരുഷ ടീം വെങ്കലം സ്വന്തമാക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ ഇത്രയും വലിയ നേട്ടമുണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.