ന്യൂഡൽഹി: 'ഭാരത്' വിവാദം കത്തിനിൽക്കെ, ഗാന്ധിസമാധിയിൽ മോദി അർപ്പിച്ച പുഷ്പചക്രത്തിൽ ‘റിപ്പബ്ലിക് ഓഫ് ഭാരത്’. ജി20 നേതാക്കളും രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ മോദിക്കൊപ്പം പുഷ്പചക്രം അർപ്പിച്ചിരുന്നു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രിയാണ് സ്വീകരിച്ചത്. ഇതിന് ശേഷമാണ് മോദിയുൾപ്പടെ എല്ലാ ലോകനേതാക്കളും ചേർന്ന് മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ചത്. 'റിപ്പബ്ലിക് ഓഫ് ഭാരത്' എന്നാണ് മോദി അർപ്പിച്ച പുഷ്പചക്രത്തിൽ രേഖപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ ദിവസത്തെ ഉച്ചകോടിയിൽ ‘ഭാരത്’ എന്നെഴുതിയ നെയിം പ്ലേറ്റാണ് മോദി ഉപയോഗിച്ചത്. ജി20 രാജ്യാന്തര മീഡിയ സെന്ററിലുണ്ടായിരുന്ന ബാഡ്ജിൽ ‘ഭാരത് ഓഫീഷ്യൽ’ എന്നാണു രേഖപ്പെടുത്തിയിരുന്നത്. ജി20 നേതാക്കൾക്കുള്ള അത്താഴവിരുന്നിലേക്ക് ‘രാഷ്ട്രപതി ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയ ക്ഷണക്കത്ത് നൽകിയതും വിവാദമായിരുന്നു.
അതേസമയം, ജി20 ഉച്ചകോടി രണ്ടാം ദിവസവും തുടരുകയാണ്. 'വൺ ഫ്യൂച്ചർ' എന്ന് പേരിട്ടിരിക്കുന്ന സെഷനാവും ഞായറാഴ്ച നടക്കുക. കാലാവസ്ഥാമാറ്റം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ത്വരിതഗതിയിലുള്ള പ്രയോഗവത്കരണം, ക്രിപ്റ്റോ കറൻസിക്ക് പൊതു ചട്ടക്കൂട് ഉണ്ടാക്കൽ, അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ പരിഷ്കരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം ജി20 ഉച്ചകോടിയിൽ ക്രിയാത്മക ചർച്ചകൾ നടന്നിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെയും അഭാവം ശോഭകെടുത്തിയെങ്കിലും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ ലോകനേതാക്കളുടെ സാന്നിധ്യം ഉച്ചകോടിയെ ഫലപ്രാപ്തിയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആതിഥേയരായ ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.