ന്യൂഡൽഹി: തനിക്കും ഭാര്യ സമ്യപ്രദ റായിക്കും നേരെ ആക്രമണം നടന്നതായി റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻചീഫ് അർണബ് ഗോസ്വാമി. ചാനലിൽ നിന്ന് ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് പോകും വഴി ബുധനാഴ്ച അർധരാത്രി 12.15ഓടെയായിരുന്നു ആക്രമണം നടന്നതെന്ന് കാട്ടി അർണബ് ഗോസ്വാമി മുംബൈ എൻ.എം ജോഷി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത് തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാർ ഗണപത് റാവു കദം മാർഗിൽ എത്തിയപ്പോൾ ബൈക്കിൽ വന്ന രണ്ട് പേർ കാർ തടയുകയും അശ്ലീല ആംഗ്യങ്ങളോടെ അസഭ്യ വർഷം ചൊരിഞ്ഞ് കാറിന് ശക്തിയായി ഇടിച്ചതായും അക്രമികളിലൊരാൾ പോക്കറ്റിൽസൂക്ഷിച്ച ദ്രാവകം കാറിലൊഴിച്ചതായും പരാതിയിൽ പറയുന്നു. അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് ഏകദേശം 50 മീറ്റർ മുന്നോട്ട് നീങ്ങിയതിനു ശേഷം പിന്നിലേക്ക് നോക്കിയപ്പോൾ അക്രമികൾ മുംബൈ പൊലീസിൻെറ പിടിയിലാവുന്നത് കണ്ടു.
അഞ്ച് മിനുട്ടിനുള്ളിൽ തന്നെ പൊലീസ് തനിക്കരികിലെത്തിയെന്നും അക്രമികൾ കോൺഗ്രസ് നേതൃത്വത്തിൽ നിന്നയച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് അറിയാൻ സാധിച്ചുവെന്നും പരാതിയിൽ പറയുന്നു.
ആക്രമണം നടന്ന് രണ്ടേമുക്കാൽ മണിക്കൂറിനുള്ളിൽ ‘യുവ കോൺഗ്രസ് സിന്ദാബാദ്’ എന്ന് കോൺഗ്രസ് നേതാവ് അൽക ലാംബ അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ട്വീറ്റിട്ടിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അവരുമായി അടുപ്പമുള്ള കോൺഗ്രസ് നേതാക്കളുമാണ് ആക്രമണം ആസൂത്രണം ചെയ്തതിന് പിന്നിലെന്ന തൻെറ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് അക്രമത്തിലുള്ള അൽക ലാംബയുടെ ആഘോഷമെന്നും അർണബ് ഗോസ്വാമി പാരാതിയിൽ ആരോപിച്ചു.
പൽഘറിൽ ഹിന്ദു സന്യാസിമാർക്കെതിരെ നടന്ന ആക്രമണത്തതിലുൾപ്പെടെ പല സംഭവത്തിലും സോണിയ ഗാന്ധി മൗനം പാലിക്കുന്നതിനെ താൻ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.