ന്യൂഡൽഹി: ഒ.ബി.സി സംവരണത്തോടൊപ്പം കൂട്ടിക്കെട്ടി മുന്നാക്ക സംവരണം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ അജണ്ടേക്കറ്റ തിരിച്ചടിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഇടക്കാല വിധി. സാമൂഹികമായി പിന്നാക്കംനിൽക്കുന്ന മറ്റു വിഭാഗങ്ങൾക്ക് (ഒ.ബി.സി) ഭരണഘടന അനുവദിച്ച സംവരണത്തിനൊപ്പം മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള (ഇ.ഡബ്ല്യു.എസ്) സംവരണം കൂട്ടിക്കെട്ടിയത് ഇഴപിരിച്ചെടുത്ത മൂന്നംഗ ബെഞ്ച് ആദ്യത്തേതിന് അംഗീകാരവും രണ്ടാമത്തേതിന് അന്തിമവാദവും വിധിക്കുകയായിരുന്നു.
മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രരാണെന്നു പറഞ്ഞ് ആദായ നികുതി കൊടുക്കുന്ന കുടുംബങ്ങളെപോലും ദരിദ്രരാക്കി അവതരിപ്പിച്ച് ദിവസങ്ങൾകൊണ്ട് കേന്ദ്ര സർക്കാർ തട്ടിക്കൂട്ടിയ ഉത്തരവിന്റെയും അതിന് ആധാരമാണെന്ന് കേന്ദ്രം പറഞ്ഞ പാണ്ഡേ സമിതി നിർദേശങ്ങളുടെയും ഭരണഘടന സാധുത പരിശോധിക്കാനാണ് അക്കാര്യം അന്തിമ വാദത്തിനായി മാറ്റിയത്.
സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന മുന്നാക്ക ജാതിക്കാരെയും ഇ.ഡബ്ല്യു.എസിൽപെടുത്തി അവരിൽ മഹാഭൂരിഭാഗത്തിനും സംവരണം ഉറപ്പുവരുത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്ന മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദത്താറിന്റെയും ആനന്ദ് ഗ്രോവറിന്റെയും വാദവും ഇ.ഡബ്ല്യു.എസിലെ നിയമവിരുദ്ധതയുടെ പേരിൽ ഒ.ബി.സി സംവരണം റദ്ദാക്കരുതെന്ന അഡ്വ. പി. വിൽസണിന്റെയും വാദം അംഗീകരിക്കുന്നതാണ് ഇടക്കാല വിധി.
അഖിലേന്ത്യാ മെഡിക്കൽ ക്വാട്ടയിലെ ഒ.ബി.സി സംവരണം ഭരണഘടനാപരമാണെന്ന് വിധിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച്, പഠനം നടത്താതെ കേന്ദ്രം നടപ്പാക്കിയ മുന്നാക്ക സംവരണ മാനദണ്ഡം പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. മതിയായ പഠനം നടത്തിയാണ് മുന്നാക്കക്കാരിലെ പിന്നാക്കാവസ്ഥ കണക്കാക്കാൻ എട്ടു ലക്ഷം രൂപ കണക്കാക്കിയതെന്ന സോളിസിറ്റർ ജനറലിന്റെ വാദം ജസ്റ്റിസ് ചന്ദ്രചൂഡ് വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു.
ഇ.ഡബ്ല്യു.എസ് നിലവിൽവന്നത് 2019 ജനുവരി 14നാണെന്നും കേവലം മൂന്നുദിവസം കഴിഞ്ഞ് ജനുവരി 17ന് ഇ.ഡബ്ല്യു.എസിന്റെ വരുമാനപരിധി എട്ടു ലക്ഷമാക്കി നിർണയിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ചന്ദ്രചൂഡ് കൂടിയാലോചനകളുടെയും ചർച്ചയുെടയും പ്രക്രിയകൾ മൂന്നു ദിവസംകൊണ്ട് പൂർത്തിയാക്കിയോ എന്ന് ചോദിച്ചിരുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങൾ മുന്നാക്ക സംവരണത്തിന് സമിതികളുണ്ടാക്കിയത് എന്തടിസ്ഥാനത്തിലാണെന്നും വാദം കേൾക്കലിനിടെ ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചിരുന്നു.
ബിരുദ, ബിരുദാനന്തര മെഡിക്കൽ പ്രവേശനത്തിന്റെ അഖിലേന്ത്യ ക്വോട്ടയിൽ 27 ശതമാനം ഒ.ബി.സി സംവരണം ഏർപ്പെടുത്തിയത് ഭരണഘടനാപരമാണെന്നാണ് സുപ്രീംകോടതി വിധി. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡം പുനഃപരിശോധിക്കുന്നത് മാർച്ചിലേക്ക് മാറ്റിയിട്ടുണ്ട്.
എന്നാൽ, മെഡിക്കൽ ബിരുദ, ബിരുദാനന്തര കൗൺസലിങ് നടപടി തടസ്സപ്പെടാതിരിക്കാൻ ഒ.ബി.സി സംവരണത്തിനൊപ്പം 2021-22 അധ്യയന വർഷം മാത്രം എട്ടു ലക്ഷം രൂപ വാർഷിക വരുമാന പരിധി മാനദണ്ഡമാക്കി ഇ.ഡബ്ല്യൂ.എസ് സംവരണവുമായി മുന്നോട്ടുപോകാൻ ഇടക്കാല വിധിയിൽ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അനുമതി നൽകി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ 2021 ജൂലൈ 29ന് പുറത്തിറക്കിയ നോട്ടീസിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്യുന്നതായിരുന്നു ഹരജികളെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. അഖിലേന്ത്യാ മെഡിക്കൽ ക്വോട്ടയായ 15 ശതമാനം മെഡിക്കൽ ബിരുദ സീറ്റുകളിലും 50 ശതമാനം ബിരുദാനന്തര സീറ്റുകളിലും നോൺ ക്രീമിലെയർ ഒ.ബി.സിക്കാർക്ക് 27 ശതമാനം സംവരണവും ഇ.ഡബ്ല്യു.എസുകാർക്ക് 10 ശതമാനം സംവരണവും നൽകാനായിരുന്നു നോട്ടീസ്. നീറ്റ് മാനദണ്ഡമാക്കിയായിരുന്നു ഇത്. നീറ്റ് പി.ജി പരീക്ഷക്ക് പങ്കെടുത്ത ഡോക്ടർമാരാണ് ഹരജിയുമായി വന്നത്.
2021-22ലെ കൗൺസലിങ് നടപടികൾ വൈകിയത് അഖിലേന്ത്യ മെഡിക്കൽ ക്വോട്ടയിലെ സംവരണ കേസ് നിലപാട് അറിയിക്കാതെ കേന്ദ്ര സർക്കാർ കേസ് നീട്ടി നീട്ടിക്കൊണ്ടുപോയതുകൊണ്ടാണെന്ന് വ്യക്തമാക്കുന്നതാണ് സുപ്രീംകോടതി വിധി.
അക്കാര്യം സുപ്രീംകോടതി വിധിയിൽ വിശദീകരിക്കുന്നത് ഇങ്ങനെ:
2021 ആഗസ്റ്റ് 24ന് ലഭിച്ച ഹരജികളിൽ സുപ്രീംകോടതി സെപ്റ്റംബർ ആറിന് നോട്ടീസ് അയച്ചിരുന്നു. അതിന് ശേഷം സെപ്റ്റംബർ 28ന് നീറ്റ് ഫലം വന്നു. ഒക്ടോബർ ഏഴിന് ഭാഗികമായി വാദം കേട്ട കേസിൽ മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാരെ (ഇ.ഡബ്ല്യൂ.എസിനെ) നിർണയിക്കാൻ എട്ടു ലക്ഷം മാനദണ്ഡമാക്കിയതിന്റെ അടിസ്ഥാനം സുപ്രീംകോടതി ആരാഞ്ഞിരുന്നു. സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ച കേന്ദ്ര സർക്കാറിന് നൽകി. തുടർന്ന് ഒക്ടോബർ 21ന് വാദത്തിനെടുത്തെങ്കിലും കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല. രണ്ട് ദിവസത്തിനകം സമർപ്പിക്കാമെന്നാണ് പറഞ്ഞത്.
തുടർന്ന് അന്ന് പുറപ്പെടുവിച്ച ഉത്തരവിൽ 2019ലെ ഓഫിസ് മെമ്മോറാണ്ടത്തിൽ മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചതിന്റെ യുക്തി വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. കേസ് കാരണം കൗൺസലിങ് മാറ്റിവെച്ചതായി ഒക്ടോബർ 25ന് കേന്ദ്രം കോടതിയെ അറിയിച്ചു. മാനദണ്ഡത്തെ ന്യായീകരിച്ച കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം എല്ലാവിധ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് മാനദണ്ഡം നിശ്ചയിച്ചത് എന്ന മറുപടിയാണ് നൽകിയത്.
തുടർന്ന് ദീപാവലി കഴിയും വരെ കേസ് നീട്ടിവെക്കാൻ സോളിസിറ്റർ ജനറൽ ഒക്ടോബർ 28ന് ആവശ്യപ്പെട്ടു. നവംബർ 25ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ മാനദണ്ഡം പുനഃപരിശോധിക്കാൻ കേന്ദ്രം തീരുമാനിച്ചുവെന്നാണ് എസ്.ജി പറഞ്ഞത്. നാലാഴ്ച അതിനായി സമയവും തേടി. മാനദണ്ഡം പുനഃപരിശോധിക്കാൻ സർക്കാർ ഉണ്ടാക്കിയ കമ്മിറ്റി ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചത് അംഗീകരിച്ചുവെന്ന് അറിയിക്കുകയാണ് കേന്ദ്രം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.