ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാൾ ദിനത്തിൽ വ്യാഴാഴ്ച സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് 'ദേശീയ തൊഴിലില്ലായ്മ ദിനാചരണം' ആയിരുന്നു. രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മയിൽ അസംതൃപ്തി പൂണ്ട യുവജനങ്ങളാണ് കക്ഷിരാഷ്ട്രീയ ഭേദമേന്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്ന് നേരത്തേ യുവജനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം 'നാഷനൽ അൺഎംപ്ലോയ്മെൻറ് ഡേ' എന്ന ഹാഷ്ടാഗുമായി ട്വിറ്ററിൽ യുവാക്കൾ അണിനിരന്നപ്പോൾ വളരെപ്പെട്ടെന്നുതന്നെ ഇത് ട്രെൻഡിങ്ങായി. ലക്ഷക്കണക്കിനുപേർ ഹാഷ്ടാഗ് ഏറ്റെടുത്തു. ട്വിറ്ററിൽ സമീപകാലത്തെ വൻ ഹിറ്റായി ഇത് മാറിയതോടെ ഇതിനെതിരെ 'നിങ്ങളുടെ പ്രധാനമന്ത്രിയെ ബഹുമാനിക്കണം' (RespectYourPM) എന്ന ഹാഷ്ടാഗുമായി ചിലർ രംഗത്തുവന്നു. യുവജനങ്ങളുടെ കാമ്പയിനെ പ്രതിരോധിക്കുകയായിരുന്നു ഇതിെൻറ ലക്ഷ്യം. ഈ തലക്കെട്ടിൽ ഒരു ദേശീയ ചാനൽ നടത്തിയ ചർച്ചയിൽനിന്നാണ് ഇത്തരമൊരു ഹാഷ്ടാഗിൽ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് ആരാധകർ രംഗത്തുവന്നത്.
എന്നാൽ, ഇതും കൈവിട്ടുപോകുകയായിരുന്നു ഫലം. 'റെസ്പക്ട് യുവർ പി.എം' എന്ന ഹാഷ്ടാഗിനു കീഴെ നിറഞ്ഞതിൽ അധികവും മോദിക്കെതിരായ കടുത്ത വിമർശനങ്ങളായിരുന്നു. പലരും മൻമോഹൻ സിങ്ങിനെ പ്രകീർത്തിക്കുന്ന ട്വീറ്റുകളാണ് ഇൗ ഹാഷ്ടാഗിനു കീഴെ പോസ്റ്റ് ചെയ്തത്. രാജ്യത്തിെൻറ നിലവിലെ സാമ്പത്തിക സ്ഥിതിയും തൊഴിലില്ലായ്മയുടെ രൂക്ഷതയുമൊക്കെ ട്വീറ്റുകളിൽ നിറഞ്ഞു. 'ബഹുമാനം നേടിയെടുക്കേണ്ടതാണ്, യാചിച്ചുവാങ്ങേണ്ടതല്ല', 'യുവത്വത്തിെൻറ കരുത്തിനെ കുറച്ചുകാണരുത്' എന്നിങ്ങനെ ചില ട്വീറ്റുകളിൽ കുറിച്ചു. സംഘ്പരിവാർ അനുകൂലികൾ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി മേൽെക്കെ നേടാൻ നടത്തിയ ശ്രമങ്ങളെ വെല്ലുന്നതായിരുന്നു പ്രതിഷേധ ട്വീറ്റുകളുടെ എണ്ണം.
നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതും തൊഴിലില്ലാത്ത യുവജനങ്ങളുടെ ആത്മഹത്യ വർധിച്ചതുമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ദേശീയ തൊഴിലില്ലായ്മ ദിനത്തെ പിന്തുണക്കുന്നു എന്ന വാചകങ്ങളോടെ നിരവധിപേർ കുറിപ്പുകൾ പങ്കുവെച്ചു. ദേശീയ തൊഴിലില്ലായ്മ ദിനത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ദേശീയ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ യുവജനങ്ങളെ ആഹ്വാനം ചെയ്തും നിരവധി പേർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.