‘എന്റെ വാഹനവ്യൂഹത്തിന് പോകാൻ ഗതാഗതം തടസ്സപ്പെടുത്തരുത്’; ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ പൊതുഗതാഗതം തടസ്സപ്പെടുത്തുന്ന പതിവുരീതികൾക്ക് അവസാനം കുറിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ കർശന നിർദേശം. ഗതാഗത സ്തംഭനമുണ്ടാക്കുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യാതെ വാഹനവ്യൂഹം കടന്നു​പോകാനുള്ള മാർഗങ്ങളാണ് അവലംബിക്കേണ്ടതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നിർദേശം നൽകി.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഇതുവരെ 15 വാഹനങ്ങളാണ് ഉണ്ടായിരുന്നത്. ഇത് ഒമ്പതാക്കി കുറക്കണമെന്നും രേവന്ത് റെഡ്ഡി ഉത്തരവിട്ടിട്ടുണ്ട്.

ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ നിരന്തരം പര്യടനങ്ങൾ നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് താനെന്ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം രേവന്ത് പ്രഖ്യാപിച്ചിരുന്നു. ഇത്തരം യാത്രകളിൽ പൊതുജനങ്ങളുടെ യാത്രകൾക്കും പൊതുഗതാഗതത്തിനും തടസ്സം നേരിടുന്നത് ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങൾ എന്തൊക്കെയാണെന്നും അ​ദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരോട് ആരാഞ്ഞിട്ടുണ്ട്.

2014ൽ ​സം​സ്ഥാ​നം രൂ​പ​വ​ത്ക​രി​ച്ച​ത് മു​ത​ൽ ഭ​രി​ച്ച ബി.​ആ​ർ.​എ​സി​നെ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് 64 സീ​റ്റു​ക​ളു​മാ​യി കോ​ൺ​ഗ്ര​സ് തെ​ല​ങ്കാ​ന​യി​ൽ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്. 2014ൽ ​സം​സ്ഥാ​നം രൂ​പ​വ​ത്ക​രി​ച്ച​ ശേഷം മുഖ്യമന്ത്രിയാകുന്ന ആദ്യ കോൺഗ്രസ് നേതാവാണ് നിലവിൽ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ കൂടിയായ രേ​വ​ന്ത് റെ​ഡ്ഡി.

കോൺഗ്രസിന്റെ ആറ് തെരഞ്ഞെടുപ്പ് ഉറപ്പുകൾ നടപ്പിലാക്കുന്ന ഫയലിൽ സത്യപ്രതിജ്ഞ ചെയ്തതിനുപിന്നാലെ രേവന്ത് റെഡ്ഡി ഒപ്പുവെച്ചിരുന്നു. ബീഗംപേട്ടിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫിസും ഔദ്യോഗിക വസതിയുമായ പ്രഗതി ഭവന് ചുറ്റുമുള്ള ബാരിക്കേഡുകളും ഇരുമ്പ് വേലിയും പൊളിച്ചുനീക്കാൻ ഉത്തരവിട്ടാണ് രേവന്ത് റെഡ്ഡി തുടക്കമിട്ടത്.

Tags:    
News Summary - Telangana: Revanth tells officials to not halt traffic for his convoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.