'സംസ്ഥാന സർക്കാറിൽ പ്രതീക്ഷ നഷ്ടപ്പെട്ടു'; കൊൽക്കത്തയിലെ ഡോക്ടർമാർ സമരം തുടർന്നേക്കും

കൊൽക്കത്ത: സുരക്ഷ സംബന്ധിച്ച സർക്കാർ നിലപാട് നോക്കി സമരം തുടരുന്നതിൽ തീരുമാനമെടുക്കുമെന്ന് കൊൽക്കത്തയിലെ ജൂനിയർ ഡോക്ടർമാർ. ആർ.ജി കർ കേസിൽ സുപ്രീം കോടതി വാദം കേൾക്കുമ്പോൾ ജോലിസ്ഥലങ്ങളിലെ സുരക്ഷ സംബന്ധിച്ച് സംസ്ഥാന സർക്കാർ ന്ലപാട് നിരീക്ഷിച്ച ശേഷം സമരം പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്ടർമാർ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി കൊൽക്കത്തക്കടുത്തുള്ള കോളജ് ഓഫ് മെഡിസിൻ ആന്‍റ് സാഗോർ ദത്ത ആശുപത്രിയിൽ രോഗിയുടെ മരണത്തെ തുടർന്ന് മൂന്ന് ഡോക്ടർമാരും മൂന്ന് നഴ്സുമാരും ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. തങ്ങൾക്ക് സുരക്ഷ നൽകുമെന്ന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നാണ് സർക്കാർ ആശുപത്രിയിലെ ആക്രമണങ്ങൾ തെളിയിക്കുന്നതെന്ന് ഡോക്ടർമാർ ആരോപിച്ചു.

"ഞങ്ങൾക്ക് സുരക്ഷയും സംരക്ഷണവും നൽകുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. അതുകൊണ്ടാണ് സാഗോർ ദത്ത ആശുപത്രിയിൽ ആക്രമണം ഉണ്ടായത്. ഞങ്ങൾ സംസ്ഥാനത്തിന് കുറച്ച് സമയം നൽകുകയാണ്. തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഞങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള അവരുടെ വാദം കേൾക്കാൻ ആഗ്രഹിക്കുന്നു. തുടർന്ന് അഞ്ച് മണി മുതൽ ബംഗാളിൽ ഉടനീളമുള്ള എല്ലാ ആശുപത്രികളിലും സമരം ആരംഭിക്കും" -ജൂനിയർ ഡോക്ടർമാരിൽ ഒരാൾ പറഞ്ഞു.

മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും നടത്തിയ കൂടിക്കാഴ്ച ഗൗരവമായി എടുത്തില്ലെന്ന് തോന്നുന്നതായി ഡോക്ടർമാർ അറിയിച്ചു. അല്ലെങ്കിൽ ആർ.ജി കർ ആശുപത്രിയിൽ സംഭവിച്ചത് ആവർത്തിക്കുമെന്ന് രോഗികളുടെ കുടുംബാംഗങ്ങൾ തങ്ങളുടെ സഹപ്രവർത്തകരിൽ ഒരാളെ എങ്ങനെ ഭീഷണിപ്പെടുത്തുമെന്നും അവർ ചോദിച്ചു. ആശുപത്രികളിൽ സുരക്ഷിതത്വം തോന്നുന്നില്ലെന്നും സംസ്ഥാന സർക്കാറിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതായും അവർ കൂച്ചിച്ചേർത്തു.

സാഗോർ ദത്ത ആശുപത്രിയിൽ ഡോക്ടർമാർക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം നടന്ന ജൂനിയർ ഡോക്ടർമാരുടെ ജനറൽ ബോഡി യോഗത്തിന് ശേഷമാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. സാഗോർ ദത്ത ആശുപത്രി സംഭവത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ജൂനിയർ ഡോക്ടർമാർ സംസ്ഥാനത്തുടനീളം റാലി സംഘടിപ്പിക്കും.

ആഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രി സെമിനാർ ഹാളിൽ പി.ജി ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇതിൽ രാജ്യ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. 42 ദിവസത്തെ സമരത്തിന് ശേഷം പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്ടർമാർ സെപ്റ്റംബർ 21നാണ് ജോലിയിൽ പ്രവേശിച്ചത്.

Tags:    
News Summary - RG Kar case: Kolkata doctors may resume strike, await Supreme Court hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.