കൊൽക്കത്ത: ഈ വർഷം ആഗസ്റ്റ് ഒമ്പതിന് കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് ചെറുത്തുനിൽപ്പ് നടത്തിയതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്.
സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സി.ബി.ഐക്ക് സെപ്റ്റംബറിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ദേശീയ മാധ്യമങ്ങൾ കഴിഞ്ഞദിവസമാണ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തു വിട്ടത്. സെമിനാർ ഹാളിലെ സ്ഥലത്തു വെച്ചാണോ കുറ്റകൃത്യം നടന്നതെന്ന സംശയം ജനിപ്പിക്കുന്ന റിപ്പോർട്ടിലെ കണ്ടെത്തലുകൾ കേസിലെ ഗൂഢാലോചന വർധിപ്പിച്ചിട്ടുണ്ട്.
ആർ.ജി കർ ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറിയിരുന്നു. പ്രതി കൊൽക്കത്ത പൊലീസിൽ സിവിൽ വോളന്റിയർ ആയ സഞ്ജയ് റോയിക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് ലാബിലെ വിദഗ്ധർ ആഗസ്റ്റ് 14ന് ആശുപത്രി പരിസരം പരിശോധിക്കുകയും സെമിനാർ ഹാൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ആരുടെയും ശ്രദ്ധയിൽപ്പെടാതെ പ്രതി സെമിനാർ ഹാളിൽ കയറിയത് തികച്ചും അസംഭവ്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.