മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തെ ജയിൽവാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ ദീപേഷ് സാവന്ത്, സാമുവൽ മിറാൻഡ എന്നിവർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.
അതേസമയം, റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയുടെയും മറ്റൊരു പ്രതിയായ അബ്ദുൽ പരിഹാറിന്‍റെയും ജാമ്യാപേക്ഷ കോടതി നിരസിച്ചു.
നേരത്തെ റിയ ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പ്രത്യേക എൻ.ഡി.പി.എസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ലക്ഷം രൂപയുടെ ബോണ്ടിന്‍റെയും മറ്റ് വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം.
സെപ്റ്റംബർ എട്ടിനാണ് റിയ ചക്രബർത്തിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ജൂൺ 14ന് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് കാമുകി കൂടിയായ റിയ ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
എന്നാൽ, സുശാന്ത് സിങ് മയക്കുമരുന്ന് ശീലം നിലനിർത്താനായി തങ്ങളെ ഉപയോഗിക്കുകയായിരുന്നുവെന്ന് റിയ ജാമ്യാപേക്ഷയിൽ പറഞ്ഞു. തനിക്കും സഹോദരനുമെതിരെ നിരന്തരമായ വേട്ടയാടലാണ് നടക്കുന്നതെന്നും റിയ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.