ന്യൂഡൽഹി: സുപ്രീംകോടതിയിൽ എത്തുന്ന ഒരു കേസ് ഏത് ജഡ്ജി കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്നതിൽ പ്രത്യേക പരിഗണനയുണ്ടെന്ന നാല് ജഡ്ജിമാരുടെ വെളിപ്പെടുത്തൽ പരമോന്നത നീതിപീഠത്തിെൻറ വിശ്വാസ്യതക്കേറ്റ കനത്ത പ്രഹരമായി. അതേസമയം, ജഡ്ജിമാരുടെ മുഖംനോക്കി കേസ് ഏൽപിച്ചുകൊടുക്കുന്നുവെന്ന പരാതി കോടതി വളപ്പിൽനിന്ന് ഉയരാൻ തുടങ്ങിയിട്ട് കുറെക്കാലമായി. നീതിനിർവഹണത്തിൽ ഭരണകൂടത്തിെൻറ കൈകടത്തലുണ്ടെന്ന ആേരാപണങ്ങൾക്ക് ശക്തിപകരുന്നതാണ് ജഡ്ജിമാരുടെ വെളിപ്പെടുത്തൽ. സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണ നടത്തിവന്ന സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെക്കുറിച്ച് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് മുംബൈയിലെ അഭിഭാഷക അസോസിയേഷനും മറ്റും നൽകിയ കേസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള 10ാം നമ്പർ കോടതി കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിച്ചതിനു പിന്നാലെയാണ് ജഡ്ജിമാർ പൊട്ടിത്തെറിച്ചത്. ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ കുറ്റമുക്തനാക്കപ്പെട്ട കേസാണിത്.
മെഡിക്കൽ കോളജ് അഴിമതി കേസ് ആദ്യം ഏൽപിച്ചത് അഞ്ച് മുതിർന്ന ജഡ്ജിമാർ ഉൾപ്പെട്ട ബെഞ്ചിനെയായിരുന്നു. പിന്നീട് മൂന്നു ജൂനിയർ ജഡ്ജിമാർ ഉൾപ്പെട്ട ബെഞ്ചിലേക്ക് മാറ്റി. കേസിെൻറ വിധിയെ സ്വാധീനിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആരോപിച്ചിരുന്നു. ഇൗ കേസിൽ ചീഫ് ജസ്റ്റിസുമായി വാക്കേറ്റം നടത്തി കോടതിമുറി വിട്ടുപോയ അഭിഭാഷകൻ കൂടിയാണ് പ്രശാന്ത് ഭൂഷൺ. സി.ബി.െഎ അഡീഷനൽ ഡയറക്ടറായി രാകേഷ് അസ്താനയെ നിയമിച്ചതിനെതിരായ കേസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് നവീൻ സിൻഹ എന്നിവരുടെ ബെഞ്ചിൽനിന്ന് എട്ടാം നമ്പർ കോടതിയിലേക്ക് മാറ്റിയതിൽ പ്രമുഖ അഭിഭാഷനായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടുന്നുണ്ട്. ജസ്റ്റിസ് നവീൻ സിൻഹയില്ലാത്ത ഒരു ബെഞ്ചിലേക്ക് നവംബർ 17ലേക്ക് കേസ് ലിസ്റ്റ് ചെയ്യാനായിരുന്നു നിർദേശം.
ഭരണഘടന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രത്യാഘാതമുള്ള ചില കേസുകൾ ചില പ്രത്യേക ബെഞ്ചുകളിലേക്ക് പോകുന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മുതിർന്ന ജഡ്ജിമാർ ഉൾെപ്പട്ട ബെഞ്ചിനെ മറികടന്നാണ് ജെ.എസ്. െഖഹാർ ചീഫ് ജസ്റ്റിസായിരുന്ന സമയത്ത് സഹാറ ബിർള കേസ് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അമിതാവ റോയ് എന്നിവരുടെ ബെഞ്ചിലെത്തിയത്. അരുണാചൽ പ്രദേശിലെ കോൺഗ്രസ് മന്ത്രിസഭ ബി.ജെ.പി അട്ടിമറിച്ച രാഷ്ട്രീയ നാടകങ്ങൾക്കു പിന്നാലെ മുൻമുഖ്യമന്ത്രി കാലിഖോ പുളിെൻറ വിധവ നൽകിയ കത്ത് പരാതിയായി പരിഗണിച്ച് ജസ്റ്റിസുമാരായ ഗോയൽ, യു.യു. ലളിത് എന്നിവരുടെ 13ാം നമ്പർ കോടതിയിലേക്ക് അയച്ചത് 2,12 കോടതികളെ മറികടന്നാണ്. പ്രത്യേക കാരണമൊന്നും ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.