ഭുവനേശ്വർ: ദാനത്തിെൻറയും നന്മയുടെയും പുതുപാഠങ്ങൾ പുതുതലമുറക്ക് പകരുകയാണ് ഒഡിഷയിലെ വയോധികയും റിക്ഷക്കാരനും. 25 വർഷം താങ്ങായി നിന്ന റിക്ഷക്കാരന് ഒരുകോടിയുടെ സ്വത്തുക്കളാണ് 63കാരിയായ വീട്ടമ്മ നൽകിയത്.
ഒഡിഷയിലെ കട്ടക്ക് നഗരവാസിയായ മിനാട്ടി പട്നായിക് (63) ആണ് മൂന്നു നില വീടും സ്വർണാഭരണങ്ങളും അടക്കം മുഴുവൻ സ്വത്തുക്കളും നൽകി കട്ടക്കിലെ റിക്ഷവലിക്കാരനായ ബുദ്ധ സമലിെൻറ തലവര മാറ്റിയെഴുതിയത്.
മിനാട്ടിക്കും കുടുംബാംഗങ്ങൾക്കും 25 വർഷമായി തുണ ചേരിയിൽ താമസിക്കുന്ന ബുദ്ധയും കുടുംബവുമായിരുന്നു. കുടുംബാംഗങ്ങളുടെ വേർപാടോടെ മനസ്സ് തകർന്നു കഴിഞ്ഞ മിനാട്ടിക്ക് ബുദ്ധ സമൽ എല്ലാ സഹായങ്ങളും നൽകി. കഴിഞ്ഞവർഷം ബിസിനസുകാരനായ ഭർത്താവ് 70ാം വയസ്സിൽ അർബുദം ബാധിച്ചും ഈവർഷം 31ാം വയസ്സിൽ മകളും മരിച്ചു.
ഇവരുടെ മരണത്തോടെ സ്വത്തിന് തെൻറ മുന്നിൽ വിലയില്ലാതായെന്ന് മിനാട്ടി പറയുന്നു. ബന്ധുക്കളാരും സഹായത്തിന് എത്താതായതോടെ ഒറ്റപ്പെട്ടു. എന്നാൽ റിക്ഷക്കാരനും കുടുംബവും ഒന്നും പ്രതീക്ഷിക്കാതെ തന്നെ സംരക്ഷിച്ചെന്നും അവർ വ്യക്തമാക്കി. മിനാട്ടി ജീവനോടെയിരിക്കുന്നതു വരെ അവരുടെ സംരക്ഷണം തുടരുമെന്ന് പറയുന്ന ബുദ്ധ സമലും സേവനത്തിെൻറ അപൂർവ മാതൃകയാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.