ട്രെയിൻ ദുരന്തം: സ്റ്റേഷൻ മാസ്റ്റർ ‘ഷരീഫ്’ ഒളിവിലെന്ന് വർഗീയ പ്രചാരണം; കള്ളം പൊളിച്ചടുക്കി ആൾട്ട് ന്യൂസ് -Fact Check

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ വീണ്ടും കടുത്ത വർഗീയ പ്രചാരണവുമായി തീവ്രഹിന്ദുത്വ സോഷ്യൽമീഡിയ ഹാൻഡിലുകൾ. അപകടത്തിന് പിന്നാലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായ ‘ഷരീഫ്’ ഒളിവിലാണെന്നാണ് പുതിയ പ്രചാരണം. എന്നാൽ ഇങ്ങനെയൊരാൾ ആ സ്റ്റേഷനിൽ ജോലി ചെയ്യുന്നില്ല.

നേരത്തെ, അപകടം നടന്ന സ്ഥലത്തിനടുത്ത് മുസ്‍ലിം പള്ളിയുണ്ടെന്നും വെള്ളിയാഴ്ച അപകടം നടന്നത് ദുരൂഹമാ​ണെന്നും ഇവർ പ്രചരിപ്പിച്ചിരുന്നു. അപകടം നടന്ന ട്രാക്കിന് സമീപമുള്ള വെള്ളനിറത്തിലുള്ള കെട്ടിടത്തിന് നേരെ ആരോ മാർക്ക് നൽകിയ ഫോട്ടോ സഹിതമായിരുന്നു പ്രചാരണം. എന്നാൽ, അത് പള്ളിയല്ലെന്നും ഇസ്കോൺ ക്ഷേത്രമാണെന്നും പിന്നീട് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ് തെളിയിച്ചു. അതിനുപിന്നാലെയാണ് മുസ്‍ലിം റെയിൽവെ ഉദ്യോഗസ്ഥർ അപകടശേഷം ഒളിവിലാണെന്ന് വ്യാപകമായി പരചരിപ്പിക്കുന്നത്. ഈ കള്ളവും ഇപ്പോൾ ആൾട്ട് ന്യൂസ് തെളിവുസഹിതം പൊളിച്ചടുക്കി.

ജൂൺ രണ്ടിനാണ് ഒഡീഷയിലെ ബാലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 300 ഓളം പേർ മരിക്കുകയും 800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ചെന്നൈയിലേക്കുള്ള ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, ഗുഡ്സ് ട്രെയിൻ എന്നിവയാണ് അപകടത്തിൽപെട്ടത്. സൗത്ത് ഈസ്റ്റേൺ റെയിൽവേ സോണിലെ ഖരഗ്പൂർ റെയിൽവേ ഡിവിഷനു കീഴിലുള്ള ഖരഗ്പൂർ-പുരി പാതയിൽ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം.

ദുരന്തകാരണം കണ്ടെത്താൻ സി.ബി.ഐയും റെയിൽവേയും അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അപകടദിവസം ബഹനാഗ സ്‌റ്റേഷനില്‍ ജോലിയില്‍ ഉണ്ടായിരുന്ന ആറ് ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും സി.ബി​.ഐ പിടിച്ചെടുത്തു. സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്യലിന് വിധേയമാക്കി. പിടിച്ചെടുത്ത ഫോണുകളിലെ കോള്‍ റെക്കോഡുകള്‍, വാട്‌സ് ആപ്പ് കോളുകള്‍, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയവയെല്ലാം സിബിഐ പരിശോധിച്ചു വരികയാണ്. പരിക്കേറ്റ് ഭുവനേശ്വറിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കോറമാൻഡൽ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ഉൾപ്പെടെ കൂടുതൽപ്പേരുടെ മൊഴിയെടുക്കുമെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു.


ഇന്റർലോക്കിങ് സിഗ്‌നൽ സംവിധാനത്തിലുണ്ടായ തകരാറ് മാത്രമാണോ അപകടകാരണമായാതെന്ന് പരിശോധിക്കും. വളരെ വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ലക്ഷ്യം. അപകടമുണ്ടായ ബഹനാഗ റെയില്‍വേ സ്‌റ്റേഷനില്‍ സിബിഐ സംഘവും ഫോറന്‍സിക് ടീമും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. സിഗ്നല്‍ റൂം പരിശോധിച്ച വിദഗ്ധ സംഘം ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. അട്ടിമറി സാധ്യത ഉള്‍പ്പെടെ സംശയിക്കുന്നതിനാല്‍ സാങ്കേതിക പരിശോധനകളും നടത്തും. ദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടിരുന്നു.

ഇതിനിടെയാണ് ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായ ഷരീഫ് അപകട ശേഷം ഒളിവിലാണെന്ന പ്രചാരണം അഴിച്ചുവിട്ടത്. ‘‘പേര് ഷെരീഫ്. പോസ്റ്റ് - സ്റ്റേഷൻ മാസ്റ്റർ. നിലവിൽ അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ഒളിവിലാണ്. ഇനി മുതൽ ജോലി നൽകുന്നതിന് മുമ്പ് പേര് പരിശോധിക്കേണ്ടതുണ്ട്’’ -എന്നായിരുന്നു ട്വിറ്റർ ബ്ലൂ ടികക് വെരിഫിക്കേഷനുള്ള രാഷ്ട്രവാദി ഹിന്ദു മഹാസഭ തലവനായ വിവേക് പാണ്ഡെ (@vivekpandeyvns_) എന്നയാളുടെ ട്വീറ്റ്. ബ്ലൂ ടികക് വെരിഫിക്കേഷനുള്ള ബി.ജെ.പി ഖൈർ മണ്ഡലം ഐ.ടി സെൽ മേധാവിയായ മാനവ് എന്നയാളും ജൂൺ 4 ന് സമാനമായ പ്രചാരണം ട്വീറ്റ് ചെയ്തു. സ്റ്റേഷൻ മാസ്റ്ററെന്ന് കരുതപ്പെടുന്ന ‘ഷരീഫി’ന്റെ ചിത്രവും ചേർത്താണ് ഇയാളുടെ പോസ്റ്റ്: “അന്വേഷണത്തിന് ഉത്തരവിട്ട ശേഷം 'ഷരീഫ്' എന്ന സ്റ്റേഷൻ മാസ്റ്ററെ കാണാതായോ? ഇതാണ് ഈ സമൂഹത്തിന്റെ പ്രശ്നം. #BalasoreTrainAccident #TrainAccident.’’-എന്നായിരുന്നു ട്വീറ്റ്.

“ഇത് (മൂന്ന് ട്രെയിനുകളുടെ കൂട്ടിയിടി) ഒരു അപകടമല്ല. അശ്രദ്ധയുമല്ല. ഒളിവിൽ കഴിയുന്ന സ്റ്റേഷൻ മാസ്റ്റർ ഷെരീഫ് മനഃപൂർവം നടപ്പിലാക്കിയതാണ്. അദ്ദേഹം കോറമാണ്ഡൽ എക്‌സ്പ്രസിനെ ഗുഡ്‌സ് ട്രെയിൻ നിറത്തിയിട്ട ലൂപ്പ് ലൈനിലേക്ക് മാറ്റി. സ്റ്റേഷൻ മാസ്റ്റർ ഷെരീഫിന്റെ പങ്ക് പുറത്തുവന്നാൽ അന്വേഷണത്തിൽ ഇയാളുടെ യഥാർത്ഥ മുഖം വെളിപ്പെടും’’ എന്നായിരുന്നു യോഗി ആദിത്യനാഥ് ഫാൻ ഡിജിറ്റൽ യോദ്ധ എന്ന ട്വിറ്റർ ഉ​പയോക്താവിന്റെ ട്വീറ്റ്. ഇതടക്കം നിരവധി പേർ സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ആരാണ് ബഹനാഗ റെയിൽ​വെ സ്റ്റേഷൻ മാസ്റ്റർ? ഷരീഫ് എന്നയാൾ ഇല്ല

‘സ്റ്റേഷൻ മാസ്റ്റർ ഷരീഫ്’ എന്ന പ്രചാരണം ശ്രദ്ധയിൽപെട്ടതോടെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷൻ ജീവനക്കാരുടെ പേര് വിവരം ആൾട്ട് ന്യൂസ് ശേഖരിച്ചു. സ്റ്റേഷൻ മാസ്റ്ററുടെ മുറിക്ക് പുറത്ത് തൂക്കിയിട്ട ജീവനക്കാരുടെ പേര് പ്രദർശിപ്പിക്കുന്ന ബോർഡിന്റെ ഫോട്ടോ അടക്കം ഇവർ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ഷരീഫ് എന്ന് ആരും ഉണ്ടായിരുന്നില്ല.


"ഒഡീഷ ട്രെയിൻ അപകടം: ബഹനാഗ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ ഒളിവിൽ, കേസ് രജിസ്റ്റർ ചെയ്തു" എന്ന് ഒഡിയ ഭാഷയിലുള്ള കലിംഗ ടിവി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സ്റ്റേഷൻ മാസ്റ്ററുടെ പേര് കൃത്യമായി പറയുന്നുണ്ട്. ‘ഡ്യൂട്ടിയിലായിരുന്ന ബഹനാഗ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ എസ് ബി മൊഹന്തി ട്രെയിൻ അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി’ എന്നായിരുന്നു റിപ്പോർട്ട്. പിന്നീട് മൊഹന്തിയെ കണ്ടെത്തിയതായും റെയിൽവേ സേഫ്റ്റി കമ്മീഷണർ സംഘം ചോദ്യം ചെയ്തുവെന്നും ജൂൺ 5 ന് കലിംഗ ടിവി വാർത്ത നൽകിയിരുന്നു.

ആരും ഒളിവിലല്ലെന്ന് പൊലീസ്

സ്റ്റേഷൻ ജീവനക്കാരാരും ഒളിവിലല്ലെന്നും പൊലീസ് അവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒഡീഷയിൽ നിന്നുള്ള രണ്ട് മുതിർന്ന ഐ.പി.എസ് ഓഫിസർമാർ അറിയിച്ചതായും ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്റ്റേഷൻ ജീവനക്കാരിൽ ‘ഷരീഫ്’ എന്ന പേരിൽ ആരും ഉണ്ടായിരുന്നില്ലെന്നും എല്ലാ സ്റ്റേഷൻ ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇവർ അറിയിച്ചു. എസ് ബി മൊഹന്തി ഒളിവിലല്ലെന്ന് റെയിൽവേ പിആർഒ നിഹാർ മൊഹന്തിയും ആൾട്ട് ന്യൂസിനോട് സ്ഥിരീകരിച്ചു.

അപ്പോൾ ഷരീഫ് എന്ന പേരിൽ പ്രചരിച്ച ഫോട്ടോ ആരുടേത്​?

‘സ്റ്റേഷൻ മാസ്റ്റർ ഷരീഫ്’ എന്ന വ്യാജപ്രചാരണത്തിന് ശക്തി പകരാൻ തീവ്രഹിന്ദുത്വ ട്വിറ്റർ ഹാൻഡിലുകൾ ഒരു സ്റേറഷൻ മാസ്റ്ററു​ടെ ഫോട്ടോയും പ്രചരിപ്പിചിരുന്നു. എന്നാൽ, ഈ ചിത്രം vikaschander.com എന്ന വെബ്സൈറ്റിൽ 2004 മാർച്ചിൽ പ്രസിദ്ധീകരിച്ചതാണെന്ന് ആൾട്ട് ന്യൂസ് കണ്ടെത്തി.

ബോറ ഗുഹാലു റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെതാണ് പ്രസ്തുത ഫോട്ടോ. വ്യാജപ്രചാരണങ്ങൾ വ്യാപകമായതോടെ കിംവദന്തികളിലൂടെ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഒഡീഷ പൊലീസ് ട്വീറ്റ് ചെയ്തു.

Tags:    
News Summary - Rly staff have joined Balasore accident probe, reports of ‘absconding’ false. And the station master’s name is not Sharif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.