ന്യൂഡൽഹി: മുനിസിപ്പൽ മാലിന്യങ്ങൾ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നതിനുള്ള നയത്തിന് അന്തിമരൂപം നൽകിവരുകയാണെന്ന് കേന്ദ്ര ഉപരിതല, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഫോസിൽ ഇന്ധനം ഉപയോഗിക്കാതിരിക്കുന്നതിന് നിർമാണ ഉപകരണ നിർമാതാക്കൾക്ക് ഇൻസെന്റീവ് നൽകുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചെലവും ഫോസിൽ ഇന്ധന ഉപയോഗവും കുറക്കുന്നതിന് നിർമാണ ഉപകരണങ്ങളിൽ ബദൽ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരട് നയത്തിന് മന്ത്രാലയം രൂപം നൽകിവരുകയാണ്. ഇതുസംബന്ധിച്ച അനുമതിക്കായി ധനമന്ത്രാലയവുമായി ചർച്ച നടത്തിവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബദൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന നിർമാണ ഉപകരണങ്ങൾ ഉപയോഗിക്കുന്ന കരാറുകാർക്ക് പലിശയിളവ് നൽകുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത മേഖല കാർബൺരഹിതമാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചുവരുകയാണ്. ഡൽഹിക്കും ജോധ്പുരിനും ഇടയിൽ ഇലക്ട്രിക് ഹൈവേകൾ നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. റെയിൽവേയിൽ ഉപയോഗിക്കുന്നതിന് സമാനമായ സംവിധാനമാണ് ഇവിടെയും ഒരുക്കുക. നിലവിൽ സ്വീഡനിലും നോർവേയിലും ഈ സാങ്കേതികവിദ്യ നടപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.