മൂത്രം കലർത്തിയ ചപ്പാത്തിക്ക് പിന്നാലെ യു.പിയിൽ റൊട്ടിയിൽ തുപ്പുന്ന വിഡിയോ വൈറൽ; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

ലഖ്നോ: മൂത്രം കലർത്തി ചപ്പാത്തി ചുടുന്ന വിഡിയോയുടെ ഞെട്ടൽ മാറുന്നതിന് മുമ്പേ, യു.പിയിൽ റൊട്ടിയിൽ തുപ്പുന്ന ഹോട്ടല്‍ ജീവനക്കാരന്റെ വിഡിയോ വൈറലാകുന്നു. ബാരാബങ്കിയിലാണ് പുതിയ സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചതിന് പിന്നാലെ ഹോട്ടൽ ജീവനക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉത്തർ പ്രദേശിലെ വഴിയോര ഭക്ഷണശാലയിലെ തൊഴിലാളിയാണ് റൊട്ടി ചുടുന്നതിനിടെ തുപ്പിയത്. വൈറലായ വിഡിയോ ശ്രദ്ധയിൽപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ടീം ഭക്ഷണശാല സീൽ ചെയ്യുകയും തുടർ നടപടിയെടുക്കുകയും ചെയ്തു. സംഭവത്തിൽ ഇർഷാദ് എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. റോഡരികിലെ ഭക്ഷണശാലയിലെ ദൃശ്യം വഴിയാത്രക്കാരനാണ് രഹസ്യമായി വിഡിയോ എടുത്ത് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചത്.

അടുത്തിടെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മൂത്രം കലർത്തി ചപ്പാത്തി കുഴച്ചെന്ന പരാതിയിൽ വീട്ടുജോലിക്കാരിയായ യുവതിയെ അറസ്റ്റ് ചെയ്തത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ വീട്ടിൽ എട്ട് വർഷമായി ജോലിക്കെത്തുന്ന റീന എന്ന യുവതിയാണ് സംഭവത്തിൽ പിടിയിലായത്. മൂത്രം കലർത്തി ചപ്പാത്തി കുഴക്കുന്നത് ഇവർ വർഷങ്ങളായി തുടരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി.

ഒരു പാത്രത്തിൽ മൂത്രമൊഴിക്കുന്നതിന്റെയും ചപ്പാത്തിപ്പൊടിയിൽ കലർത്തുന്നതിന്റെയും ദൃശ്യങ്ങൾ ഒളിച്ചുവെച്ച മൊബൈൽ കാമറയിൽ പതിഞ്ഞതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. മാസങ്ങളായി താനും കുടുംബവും കരൾ രോഗത്തിന് ചികിത്സ തേടുകയാണെന്നും വീട്ടുടമ പരാതിയിൽ പറയുന്നു. കുടുംബാംഗങ്ങളുടെ കരൾ രോഗത്തിന്റെ കാരണം ഡോക്ടർമാർക്ക് കണ്ടെത്താനായിരുന്നില്ല. ഭക്ഷണത്തിൽ എന്തെങ്കിലും കലരുന്നുണ്ടോയെന്ന സംശയം പ്രകടിപ്പിച്ചതോടെയാണ് അടുക്കളയിൽ ഒളികാമറ വെച്ചത്.

അടുത്തിടെ, സഹറൻപൂർ ജില്ലയിലെ ഭക്ഷണശാലയിൽ കൗമാരക്കാരൻ റൊട്ടിയിൽ തുപ്പുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ കടയുടമയും പ്രായപൂർത്തിയാകാത്ത ജീവനക്കാരനും പിടിയിലായിരുന്നു.

Tags:    
News Summary - Roadside eatery worker spits on rotis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.