റോഹിങ്ക്യകൾക്ക് മറ്റൊരു രാജ്യത്തേക്ക് പോകാൻ അനുമതി നൽകാനാകില്ല -കേന്ദ്രം

ന്യൂഡൽഹി: കൊടിയ പീഡനം സഹിക്കാതെ മ്യാന്മറിൽനിന്ന് എല്ലാം ഇട്ടെറിഞ്ഞ് ഓടിയെത്തിയ റോഹിങ്ക്യൻ അഭയാർഥികൾക്ക്, സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോക്ക് അല്ലാതെ മറ്റൊരു രാജ്യത്തേക്ക് പോകാൻ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയെ അറിയിച്ചു. ഇന്ത്യയിൽ അനധികൃതമായി തങ്ങുന്ന ചില റോഹിങ്ക്യകൾക്ക് പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളുമായും മറ്റ് രാജ്യങ്ങളിലെ സമാന സംഘടനകളുമായും ബന്ധമുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അമേരിക്കയിലുള്ള ഭർത്താവിന്‍റെ അടുത്തേക്ക് പോകാൻ ഇന്ത്യ വിടാനുള്ള തങ്ങളുടെ എക്‌സിറ്റ് പെർമിറ്റ് അപേക്ഷകൾ നിരസിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസിന്‍റെയും തീരുമാനം ചോദ്യം ചെയ്ത് മ്യാന്മറിൽ നിന്നുള്ള സെനോര ബീഗവും മക്കളും ഡൽഹി ഹൈകോടതിയിൽ നൽകിയ ഹരജിയിൽ കേന്ദ്രം സത്യവാങ്മൂലം നൽകുകയായിരുന്നു.

അനധികൃത കുടിയേറ്റക്കാർക്ക് മൂന്നാമതൊരു രാജ്യത്തേക്ക് പോകാൻ അനുമതി നൽകുന്നത് മറ്റ് അഭയാർഥികളിൽനിന്നുള്ള സമാന കേസുകളിലും സ്വാധീനം ചെലുത്തും. ഇത് മറ്റൊരു രാജ്യത്ത് അനധികൃത കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുന്നതിന് ഇന്ത്യൻ സർക്കാർ സൗകര്യമൊരുക്കുന്നുവെന്ന സന്ദേശം നൽകുമെന്നും അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. ബംഗ്ലാദേശ് അഭയാർഥി ക്യാമ്പിൽവെച്ച് 2004ലാണ് സെനോരയും നൂറുൽ അമീനും വിവാഹിതരാകുന്നത്.

2015ൽ അമേരിക്കയിലേക്ക് താമസം മാറിയ അമീൻ അവിടത്തെ പൗരത്വം നേടി. കുടുംബത്തിന് സ്ഥിരതാമസ വിസ ലഭിച്ചതോടെ സെനോരയും മക്കളും ബംഗ്ലാദേശിലെ കുട്ടുപലോങ് അഭയാർഥി ക്യാമ്പിൽനിന്ന് ഇന്ത്യയിലെത്തി എക്‌സിറ്റ് പെർമിറ്റിന് അപേക്ഷിച്ചപ്പോൾ, മ്യാന്മർ എംബസിയിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും(എൻ‌.ഒ‌.സി) സമീപകാല യാത്രകളെക്കുറിച്ചുള്ള സത്യവാങ്മൂലവും സമർപ്പിക്കാനും ആവശ്യപ്പെട്ടു. എന്നാൽ, സ്വന്തം രാജ്യമായ മ്യാന്മറിൽ പീഡനത്തിന് ഇരകളാണെന്നും എൻ.ഒ.സി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി ഇവർ ഡൽഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - Rohingyas cannot be allowed to go to another country -Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.