ഡൽഹി വിമാനത്താവളത്തിെന്റ മേൽക്കൂര തകർന്ന് കാറുകൾക്കുമേൽ പതിച്ചപ്പോൾ

കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്‍റെ മേൽക്കൂര തകർന്ന് ഡ്രൈവർ മരിച്ചു

ന്യൂഡൽഹി: മണിക്കൂറുകൾ നീണ്ട കനത്ത മഴയിൽ ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലെ മേൽക്കൂര വാഹനങ്ങൾക്ക് മേൽ തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. ടാക്സി ഡ്രൈവർ ഡൽഹി രോഹിണി സ്വദേശി രമേശ് കുമാർ (45) ആണ് മരിച്ചത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയാണ് ടെർമിനൽ ഒന്നിലേക്കുള്ള പ്രവേശന കവാട ഭാഗത്തെ മേൽക്കൂരയിലെ ഷീറ്റുകളും അതു താങ്ങിനിർത്തിയിരുന്ന കൂറ്റൻ തൂണുകളും വാഹനങ്ങൾക്ക് മുകളിലേക്ക് നിലംപൊത്തിയത്. അപകടത്തെ തുടർന്ന് ടെർമിനൽ ഒന്ന് അനിശ്ചിതകാലത്തേക്ക് അടച്ചു. ആഭ്യന്തര വിമാനങ്ങളാണ് ഇവിടെനിന്നും സർവിസ് നടത്തുന്നത്. യാത്രക്കാരെ ടെർമിനൽ രണ്ടിലേക്കും മൂന്നിലേക്കും മാറ്റി.

കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അപകടസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ച സഫ്ദർജങ് ആശുപത്രിയും സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് മൂന്ന് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്നും പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട വ്യോമയാന മന്ത്രാലയം മറ്റു വിമാനത്താവളങ്ങളുടെ സുരക്ഷ പരിശോധിക്കാനും നിർദേശം നൽകി.

മേൽക്കൂരയിൽ വെള്ളം കെട്ടിനിന്നതാണ് തകർച്ചക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് യാത്രചെയ്യാൻ സാധിക്കാത്തവർക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും തിരിച്ചുനൽകാൻ വിമാനകമ്പനികൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സിഎ) നിർദേശം നൽകി.

കഴിഞ്ഞ 10 വര്‍ഷമായി അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ മോദിസര്‍ക്കാര്‍ അഴിമതിയും കുറ്റകരമായ അനാസ്ഥയും കാട്ടിയതായി അപകടത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്സിൽ കുറിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.