ബംഗളൂരു: മുഖ്യമന്ത്രി പദവി മാറ്റം കോൺഗ്രസിനുള്ളിലും വൊക്കലിഗ, ലിംഗായത്ത് സമുദായ നേതാക്കൾക്കിടയിലും സജീവ ചർച്ചയായതോടെ നേതൃമാറ്റം സംബന്ധിച്ച് പൊതുയിടങ്ങളിൽ പ്രസ്താവന നടത്തരുതെന്ന് നേതാക്കൾക്ക് താക്കീതുമായി കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ.
പാർട്ടിയിൽ അച്ചടക്കം പ്രധാനമാണെന്നും നിർദേശം ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർട്ടി താൽപര്യം മുൻനിർത്തി പാർട്ടി പ്രവർത്തകർ വായടക്കണമെന്നും രാഷ്ട്രീയ കാര്യങ്ങളിൽ ദയവുചെയ്ത് സന്ന്യാസിമാർ ഇടപെടരുതെന്നും ശിവകുമാർ വ്യക്തമാക്കി.
കർണാടക മന്ത്രിസഭയിൽ ഏക ഉപമുഖ്യമന്ത്രിയാണ് വൊക്കലിഗ നേതാവുകൂടിയായ ഡി.കെ. ശിവകുമാർ. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മന്ത്രിസഭയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാരെ കൂടി നിയമിക്കണമെന്ന് സിദ്ധരാമയ്യ വിഭാഗത്തിലെ ചില എം.എൽ.എമാർ ആവശ്യപ്പെട്ടതാണ് നേതൃമാറ്റ ചർച്ചക്ക് വഴിമരുന്നിട്ടത്.
വീരശൈവ ലിംഗായത്ത്, പിന്നാക്ക വർഗ, ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിൽ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് ആവശ്യമുയർന്നത്. സിദ്ധരാമയ്യയുടെ അനുയായിയായ സഹകരണ മന്ത്രി കെ.എൻ. രാജണ്ണയാണ് കൂടുതൽ ഉപമുഖ്യമന്ത്രിമാർ എന്ന പ്രസ്താവന നടത്തിയത്.
ഇതിനു പിന്നാലെ, സിദ്ധരാമയ്യയും ശിവകുമാറും ഒന്നിച്ചു പങ്കെടുത്ത ചടങ്ങിൽ വിശ്വ വൊക്കലിഗ മഹാ സമസ്താന മഠാധിപതി ചന്ദ്രശേഖരനാഥ സ്വാമി ശിവകുമാറിന് മുഖ്യമന്ത്രി പദവി എന്ന ആവശ്യവുമായി രംഗത്തുവന്നു. ഡി.കെ. ശിവകുമാറിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ പദവിയൊഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമുഖ വൊക്കലിഗ മഠങ്ങളായ ആദി ചുഞ്ചനഗിരി മഠത്തിലെ നിർമലാനന്ദ സ്വാമി, സപ്തികാപുരി മഠത്തിലെ നഞ്ചവധൂത സ്വാമി തുടങ്ങിയവരും വേദിയിലിരിക്കെയായിരുന്നു ചന്ദ്രശേഖരനാഥ സ്വാമിയുടെ വിവാദ പ്രസ്താവന.
ഇതോടെ, മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടാവുകയാണെങ്കിൽ വീരശൈവ ലിംഗായത്ത് നേതാവിനെ ആ പദവിയിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി ലിംഗായത്ത് സ്വാമി ശ്രീശൈല ജഗദ്ഗുരു ഡോ. ചന്ന സിദ്ധരാമ പണ്ഡിതാരാധ്യ ശിവാചാര്യയും രംഗത്തുവന്നു.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ലിംഗായത്ത് സമുദായം പ്രധാന പങ്കുവഹിച്ചതായും അതിന് പ്രത്യുപകാരമെന്നോണം രാഷ്ട്രീയത്തിൽ പ്രധാന പദവികൾ സമുദായത്തിന് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലിംഗായത്ത് നേതാക്കളായ എം.ബി. പാട്ടീൽ, ഈശ്വർ ഖണ്ഡ്രെ, എസ്.എസ്. മല്ലികാർജുൻ, ഷാമന്നുർ ശിവശങ്കരപ്പ തുടങ്ങിയവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യതയുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേതൃമാറ്റ ചർച്ചകൾ സജീവമായതോടെയാണ് സിദ്ധരാമയ്യയും ശിവകുമാറും പാർട്ടി അണികളെ വിലക്കിയത്. കെ.എൻ. രാജണ്ണയെ സിദ്ധരാമയ്യ ഫോണിൽ വിളിച്ച് ഇത്തരം ചർച്ചകളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെക്കുറിച്ചോ ഉപമുഖ്യമന്ത്രിയെക്കുറിച്ചോ ഒരു ചർച്ചയുമില്ലെന്ന് ശിവകുമാർ പ്രതികരിച്ചു. വൊക്കലിഗ സ്വാമിക്ക് എന്നോടുള്ള ഇഷ്ടംകൊണ്ട് എന്തെങ്കിലും പറഞ്ഞതാവാം. എനിക്കാരുടെയും ശിപാർശ ആവശ്യമില്ല. അവർ അനുഗ്രഹിക്കുന്നുണ്ടെങ്കിൽ അതു ധാരാളം. പാർട്ടിക്കുവേണ്ടി ചെയ്ത പ്രവർത്തനത്തിന് ഫലം ഹൈകമാൻഡ് തീരുമാനിക്കും -ശിവകുമാർ പറഞ്ഞു.
കഴിഞ്ഞവർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ജയം നേടിയ കോൺഗ്രസിനെ നയിച്ച ശിവകുമാർ മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഒടുവിൽ ഹൈകമാൻഡിന്റെ നിർദേശത്തിന് വഴങ്ങുകയായിരുന്നു.
സിദ്ധരാമയ്യയും ശിവകുമാറും രണ്ടര വർഷം വീതം പദവി പങ്കിടാമെന്ന ഫോർമുലയാണ് തീരുമാനമായതെന്ന് പറയപ്പെടുന്നു. എന്നാൽ, ഇക്കാര്യം പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. കർണാടകയിലെ വിവിധ പദ്ധതികൾ സംബന്ധിച്ച് പ്രധാനമന്ത്രിയടക്കമുള്ളവരുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇപ്പോൾ ഡൽഹിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.