മധ്യപ്രദേശിൽ സർക്കാർ വിവാഹ ധനസഹായത്തിന് ഗർഭ പരിശോധന; പെൺമക്കളെ അപമാനിക്കലെന്ന് പ്രതിപക്ഷം


ഭോപ്പാൽ: മധ്യപ്രദേശിൽ സംസ്ഥാന സർക്കാരിന്‍റെ മുഖ്യമന്ത്രി കന്യാദാൻ യോജന വിവാഹ ധനസഹായ പദ്ധതിക്ക് യോഗ്യത നിശ്ചയിക്കാൻ യുവതികളെ ഗർഭ പരിശോധനക്ക് വിധേയരാക്കിയതിനെച്ചൊല്ലി വിവാദം പുകയുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിന്‍റെ നടപടിയെ രൂക്ഷമായ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. നടപടി പെൺമക്കളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് അവർ ആരോപിച്ചു.

മുഖ്യമന്ത്രി കന്യാദാൻ യോജന സമൂഹ വിവാഹ പദ്ധതിയുടെ ധന സഹായത്തിന് അപേക്ഷിച്ച സ്ത്രീകളെ മെഡിക്കൽ പരിശോധന നടത്തുകയും ഇതിൽ പ്രഗ്നൻസി പോസിറ്റിവ് രേഖപ്പെടുത്തിയവരെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതാണ് വിവാദത്തിനിടയാക്കിയത്. ഡിൻഡോറി ജില്ലയിലെ ഗഡസരായ് നഗര പരിധിയിൽ ഈ മാസം 22ന് സംഘടിപ്പിച്ച സമൂഹ വിവാഹത്തിലേക്ക് ദലിത്, പിന്നോക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളിൽ നിന്ന് 219 അപേക്ഷകളായിരുന്നു ലഭിച്ചത്. എന്നാൽ അപേക്ഷ നൽകി, നടപടിക്രമങ്ങൾ പൂർത്തീകരിച്ച്, സമൂഹ വിവാഹ ചടങ്ങിൽ വച്ച് താലിചാർത്താനെത്തിയ ചില യുവതികളുടെ പേരുകൾ ഗുണഭോക്തൃ പട്ടികയിൽ നിന്ന് അധികൃതർ നീക്കം ചെയ്യുകയായിരുന്നു. നാലു പേരാണ് ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ഗർഭ പരിശോധനയിൽ പോസിറ്റീവ് കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ ഒഴിവാക്കിയത്.

മുഖ്യമന്ത്രി കന്യാദാൻ യോജന പദ്ധതിയിൽ ദമ്പതികൾക്ക് 55,000 രൂപയാണ് ധന സഹായം ലഭിക്കുക. ഇതിൽ 49000 ദമ്പതികൾക്ക് നൽകും. 6000 രൂപ വിവാഹ ചടങ്ങിലേക്കും മാറ്റിവയ്ക്കും. പദ്ധതിയിൽ നിന്നു ഒഴിവാക്കുന്നതു സംബന്ധിച്ച് പെൺകുട്ടികൾ അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. താലിചാർത്താനുള്ള ഒരുക്കങ്ങളുമായി ചടങ്ങനെത്തിയപ്പോഴാണ് പട്ടികയിൽ നിന്ന് പുറംതള്ളപ്പെട്ട വിവരം ഇവർ അറിഞ്ഞത്.

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥ് അടക്കമുള്ളവർ നടപടിക്കെതിരേ രംഗത്തെത്തി. പെൺകുട്ടികളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടി. പാവപ്പെട്ടവരുടെയും ആദിവാസി വിഭാഗങ്ങളിലെയും പെൺമക്കൾക്ക് മുഖ്യമന്ത്രിയുടെ കണ്ണിൽ മാന്യതയില്ലേ എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കമൽ നാഥ് ആവശ്യപ്പെട്ടു. ഇത് ഗർഭ പരിശോധനയുടെ കാര്യം മാത്രമല്ല, സ്ത്രീകളോടുള്ള നീച മനോഭാവം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ നടപടി സ്ത്രീകളെ അപമാനിക്കലാണ് കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ ഓംകർ മർകാം പറഞ്ഞു. പദ്ധതിക്കായി ഗർഭ പരിശോധന നടത്താൻ സർക്കാർ നിയമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി ധനസഹായത്തിനായി ഗർഭ പരിശോധന നടത്തുന്നത് നിയമവിരുദ്ധമാണെന്നു പ്രദേശത്തെ ജനപ്രതിനിധികളും ചൂണ്ടിക്കാട്ടി. എന്നാൽ വിഷയത്തിൽ ഓംകാർ മർകം രാഷ്ട്രീയം കളിക്കുകയാണെന്ന് ഡിൻഡോറിയിൽ നിന്നുള്ള ബി.ജെ.പി ജില്ലാ പ്രസിഡന്റ് അവധ്‌രാജ് ബിലയ്യ പറഞ്ഞു. മുൻകാലങ്ങളിൽ സമൂഹ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത ചില സ്ത്രീകൾ ഗർഭിണികളാണെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് ഈ പരിശോധനയെ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags:    
News Summary - Row in Madhya Pradesh over pregnancy tests to check eligibility for marriage scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.