കർണാടകയിൽ അമുൽ വിവാദം തിളക്കുന്നു: ബഹിഷ്കരിക്കുമെന്ന് ഹോട്ടലുടമകൾ

ബംഗളൂരു: ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ അമുൽ ഉൽപ്പങ്ങൾ വിപണി കർണാടകത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദം കത്തുന്നു. ഹോട്ടലുകളിൽ അമുൽ ഉൽപ്പന്നങ്ങൾ പൂർണമായും ബഹിഷ്ക്കരിക്കാൻ ബംഗളൂരുവിലെ ഹോട്ടൽ ഉടമകളുടെ സംഘടനയായ ബ്രഹത് ബംഗളൂരു ഹോട്ടൽ അസോസിയേഷൻ ആഹ്വാനം ചെയ്തു.

ഹോട്ടലുകളിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലുത്പന്നങ്ങൾ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് അസോസിയേഷൻ തീരുമാനിച്ചതായും പ്രസിഡന്റ് പി.സി റാവു അറിയിച്ചു. ഇതിലൂടെ കർണാടക കർഷകരെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമുൽ ഉൽപ്പന്നങ്ങൾ കർണാടകത്തിലേക്ക് വിപണനത്തിന് എത്തിക്കുന്നത് സംസ്ഥാനത്ത് ഭരണ കക്ഷിയായി ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള രാഷ്ട്രീയ വിവാദത്തിനിടയാക്കിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ സഹകരണ സ്ഥാപനത്തെ കർണാടകത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസും ജെ.ഡി.എസും ആരോപിക്കുന്നു.

ഞായറാഴ്ച കർണാടക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആഞ്ഞടിച്ചു. “നിങ്ങൾ ഇതിനകം തന്നെ കന്നഡികരിൽ നിന്ന് ബാങ്കുകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും മോഷ്ടിച്ചു. നിങ്ങൾ ഇപ്പോൾ നന്ദിനിയെ (കെ.എം.എഫ്) ഞങ്ങളിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിക്കുകയാണോ? നമ്മുടെ യുവാക്കൾക്ക് പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുന്നതിനുപകരം, നമ്മുടെ ബാങ്കുകളിൽ നിന്നും തുറമുഖങ്ങളിൽ നിന്നും വിമാനത്താവളങ്ങളിൽ നിന്നും കന്നഡികരുടെ ജോലി നരേന്ദ്രമോദി എടുത്തുകളഞ്ഞു. ഇപ്പോൾ ബി.ജെ.പി കെ.എം.എഫിനെ അമുലിന് നൽകി നമ്മുടെ കർഷകരുടെ പ്രതീക്ഷകളെ വ്രണപ്പെടുത്താൻ ശ്രമിക്കുന്നു". സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

ബി.ജെ.പി. സർക്കാർ പിൻവാതിലിലൂടെ അമുലിന്റെ കടന്നുവരവിന് അവസരംകൊടുക്കുകയാണെന്ന് പ്രതിപക്ഷം പറയുന്നു.കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലുത്പന്നങ്ങളുടെ വിപണി തകർക്കാനാണിതെന്നും ഇവർ ആരോപിക്കുന്നു. ‘ഗോ ബാക്ക് അമുൽ, സേവ് നന്ദിനി’ എന്ന ഹാഷ് ടാഗിൽ ട്വിറ്റർ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Row over Amul in Karnataka boils up: Bengaluru hotel association calls for boycott

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.