ചണ്ഡീഗഢ്: സെപ്റ്റംബർ അവസാനം പഞ്ചാബ് നാഷണൽ ബാങ്ക് ജിന്ദ് ശാഖയിൽ നടന്ന മോഷണക്കേസ് അന്വേഷിച്ച പൊലീസ് ഞെട്ടിക്കുന്ന കഥകളുടെ ചുരുളഴിക്കുകയാണ്. വൈകുന്നേരം ബാങ്ക് ക്ലോസ് ചെയ്തപ്പോൾ 20 ലക്ഷം രൂപയുടെ കുറവ് അനുഭവെപ്പട്ടതാണ് സംഭവങ്ങളുടെ തുടക്കം. ബാങ്കിൽ എന്തെങ്കിലും കുഴപ്പം നടക്കുകയൊ അസാധാരണമായി ഒന്നും സംഭവിക്കുകയൊ ചെയ്തിരുന്നില്ല. പരാതിയെതുടർന്ന് അന്വേഷണം ഏറ്റെടുത്ത ഹരിയാന പോലീസ് ആദ്യം പരിശോധിച്ചത് ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളായിരുന്നു.
വീഡിയൊ കണ്ട പൊലീസിനെ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു അതിലുണ്ടായിരുന്നത്. 10-11 വയസുവരുന്ന ഒരു ബാലൻ ബാങ്ക് കാബിനിൽ കടന്ന് നോട്ട് കെട്ടുകൾ എടുത്ത് കടന്നുകളയുന്നതാണ് ദൃശ്യങ്ങളിൽ കണ്ടത്. അന്വേഷണത്തിനൊടുവിൽ രാജസ്ഥാനിലെ സുർത്ഗഡ് പട്ടണത്തിൽ നിന്നാണ് കുട്ടിയെ പിടികൂടിയത്. കരാറെടുത്ത് മോഷണം നടത്തുന്നതായിരുന്നു 11കാരെൻറ രീതി. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ അഡ്വാൻസ് വാങ്ങും. മോഷണത്തിനിടെ പിടിക്കപ്പെട്ടാൽ കരാർ നൽകുന്നവർ എല്ലാ ചിലവുകളും ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ. ഇപ്രകാരം നിരവധി മോഷണങ്ങളാണ് പ്രൊഫഷണൽ മോഷ്ടാവായ 11-കാരൻ നടത്തിയിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. ലൊഹാരു ടൗണിലെ മറ്റൊരു ബാങ്കിൽനിന്ന് ഇതേരീതിയിൽ ആറ് ലക്ഷം രൂപ മോഷ്ടിച്ചതായും കുട്ടി വെളിപ്പെടുത്തിയിരുന്നു. കേസിലെ പ്രധാന പ്രതികളായ കുട്ടിയുടെ അമ്മാവനും പിതാവും ഒളിവിലാണ്.
കാഡിയ എന്ന തിരുട്ട് ഗ്രാമം
മധ്യപ്രദേശിലെ രാജ്ഗർ ജില്ലയിലെ കാഡിയ ഗ്രാമത്തിൽ നിന്നുള്ളവരാണ് കുട്ടി ഉൾപ്പെട്ട സംഘമെന്ന് പൊലീസ് പറയുന്നു. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമങ്ങൾക്ക് സമാനമായി പരമ്പരാഗതമായി മോഷണം നടത്തി ജീവിക്കുന്നവരാണ് ഇൗ ഗ്രാമവാസികൾ. ഇവിടത്തെ കുട്ടികളും ചെറുതിലെതന്നെ മോഷണങ്ങളിൽ ഏർപ്പെടും. ഹരിയാന പോലീസിെൻറ രണ്ട് സംഘങ്ങൾ കാഡിയ ഗ്രാമത്തിൽചെന്ന് പ്രതികളെ പിടികൂടാൻ അനുമതി കാത്ത് കഴിയുകയാണ്. കൊടും കുറ്റവാളികളുടെ ഗ്രാമമാണിതെന്നാണ് പ്രാദേശികരായ പോലീസുകാർ പറയുന്നത്. ഗ്രാമത്തിന് അകത്ത് കടക്കാൻ വേണ്ടത്ര മുൻകരുതലുകൾ പുലർത്തണമെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.
'ഞങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. മോഷ്ടാക്കളെ വേഗത്തിൽ പിടികൂടാനുള്ള ഒരുക്കത്തിലാണ്'-അന്വേഷണ ചുമതലയുള്ള ഹരി ഓം എന്ന പൊലീസുകാരൻ പറഞ്ഞു. 'പോലീസിന് ഗ്രാമത്തിൽ പ്രവേശിക്കാൻ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പ്രതികളെ തിരിച്ചറിയാൻ ഞങ്ങൾ ശ്രമിക്കുകയാണെന്നും ഉടൻ അറസ്റ്റ് നടത്തുമെന്നും'രാജ്ഗർ പോലീസ് സൂപ്രണ്ട് പ്രദീപ് ശർമ പറഞ്ഞു. നിലവിൽ ഹിസാറിലെ ദുർഗുണ പരിഹാര പാഠശാലയിൽ പ്രവേശിപ്പിച്ച 11-കാരനെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.