ന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും കോൺഗ്രസ് രാജ്യസഭാംഗവുമായ അഭിഷേക് മനു സിങ്വിയുടെ സീറ്റിൽനിന്ന് അരലക്ഷം രൂപ കിട്ടിയെന്ന് പറഞ്ഞ് ഭരണപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു. വ്യാഴാഴ്ച സഭ പിരിഞ്ഞശേഷം നടത്തിയ പതിവ് സുരക്ഷാ പരിശോധനയിൽ സിങ്വിയുടെ ഇരിപ്പിടത്തിൽനിന്ന് 500 രൂപയുടെ 100 നോട്ടുകളുടെ കെട്ട് കണ്ടെത്തിയതെന്ന് ചെയർമാൻ ജഗ്ദീപ് ധൻഖർ സഭയെ അറിയിച്ചത്. ഇക്കാര്യത്തിൽ അദ്ദേഹം ഉന്നത അന്വേഷണവും പ്രഖ്യാപിച്ചു. അതേസമയം പണം തന്റേതല്ലെന്നും 500 രൂപയിൽ കൂടുതൽ താൻ കൈയിൽ വെക്കാറില്ലെന്നും സിങ്വി പ്രതികരിച്ചു. അദാനി വിഷയം വഴിതിരിച്ചുവിടാൻ ഭരണപക്ഷം ശ്രമിക്കുന്നതിനെ വിമർശിച്ച പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അന്വേഷണം പൂർത്തിയാകും മുമ്പ് ചെയർമാൻ ജഗ്ദീപ് ധൻഖർ സിങ്വിയുടെ പേര് പരാമർശിച്ചത് ചോദ്യം ചെയ്തു.
വെള്ളിയാഴ്ച രാജ്യസഭ ചേർന്നയുടൻ ഈ വിവരം അറിയിച്ച ധൻഖർ വിഷയം ഗൗരവമാണെന്നും ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും നാളെ ആരെങ്കിലും വല്ല രാസവസ്തുക്കൾ കൊണ്ടുവന്നാൽ എന്താകുമെന്നും ചോദിച്ചു. ഇതേക്കുറിച്ച് സഭയിൽ ചർച്ചയില്ലെന്ന് പറഞ്ഞുകൊണ്ടുതന്നെ ചെയർമാൻ അരമണിക്കൂറോളം വിഷയത്തിൽ സംസാരിച്ചു. മന്ത്രിമാരായ ജെ.പി. നഡ്ഡ, പിയുഷ് ഗോയൽ, കിരൺ റിജിജു തുടങ്ങിയവർക്ക് വിഷയത്തിൽ സംസാരിക്കാൻ അനുമതിയും നൽകി. എന്നാൽ, പ്രതിപക്ഷം പ്രകോപിതരാകാതെ സഭാ നടപടികളുമായി മുന്നോട്ടുപോകാൻ ചെയർമാനോട് ആവശ്യപ്പെട്ടു. തുടർന്ന് ബി.ജെ.പി എം.പിമാരോട് പ്രതിഷേധവുമായി എഴുന്നേൽക്കാൻ മന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടത് ഡി.എം.കെ നേതാവ് തിരുച്ചി ശിവ ചോദ്യം ചെയ്തു.
ഇത് ഇരുവരും തമ്മിലുള്ള വാക്പോരിൽ കലാശിച്ചു. തുടർന്ന് സഭ ഉച്ച ഭക്ഷണത്തിനുശേഷം വീണ്ടും ചേർന്നു. പി.വി. അബ്ദുൽ വഹാബ് സ്വകാര്യ പ്രമേയ അവതരണം തുടങ്ങിയപ്പോൾ ബി.ജെ.പി എം.പിമാർ ഇരിപ്പിടങ്ങളിൽനിന്ന് എഴുന്നേറ്റ് മുദ്രാവാക്യം വിളി തുടങ്ങി. വഹാബിന്റെ പ്രമേയം അവസാനിക്കും മുമ്പ് തിങ്കളാഴ്ചവരെ സഭ പിരിയുകയാണെന്ന് ഉപാധ്യക്ഷൻ ഹരിവൻഷ് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.